രാജസ്ഥാന്‍ റോയല്‍സിന്റെ ഇലവനില്‍ അവന്‍ ഉണ്ടാകുമെന്ന് ഉറപ്പില്ല; യുവതാരത്തെ കുറിച്ച് വിക്രം റാത്തോര്‍

ടീമിന് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രമേ താരത്തെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂവെന്നും റാത്തോര്‍ കൂട്ടിച്ചേര്‍ത്തു

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ പോകുന്ന താരമാണ് രാജസ്ഥാന്റെ വൈഭവ് സൂര്യവംശി. ബിഹാര്‍ സ്വദേശിയായ 13 വയസുകാരന് വേണ്ടി 1.10 കോടി രൂപയാണ് രാജസ്ഥാന്‍ താരലേലത്തില്‍ മുടക്കിയത്. അതിനാല്‍ തന്നെ ഐപിഎല്ലില്‍ താരം എങ്ങനെ പ്രകടനം നടത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൗമാരതാരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും രാജസ്ഥാന്‍ ബാറ്റിങ് പരിശീലകനുമായ വിക്രം റാത്തോര്‍. വൈഭവ് സൂര്യവംശി റോയല്‍സ് ഇലവന്റെ ഭാഗമാകാനുള്ള സാധ്യത കുറവാണെന്ന് പറയുകയാണ് റാത്തോര്‍. ടീമിന് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രമേ താരത്തെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂവെന്നും റാത്തോര്‍ കൂട്ടിച്ചേര്‍ത്തു.

'വൈഭവ് സൂര്യവംശിയെ ഇലവനില്‍ ഉപയോഗിക്കുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല. അത് ഞങ്ങളുടെ തന്ത്രത്തെയും എതിര്‍ ടീമിനെയും ആശ്രയിച്ചിരിക്കും. അദ്ദേഹം വളരെ പ്രത്യേകതയുള്ള കളിക്കാരനായതിനാലാണ് ഞങ്ങള്‍ അദ്ദേഹത്തെ ലേലത്തിൽ വിളിച്ചെടുത്തത്',റാത്തോര്‍ പറഞ്ഞു.

അതേസമയം 2025 ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സും കിരീട പോരാട്ടത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 23നാണ് നടക്കുക. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍.

Content Highlights: “Not sure if we will use him”: RR coach on 13-year-old Vaibhav Suryavanshi’s IPL 2025 debut

dot image
To advertise here,contact us
dot image