ഇതുവരെ ഒരു നായകനുമില്ലാത്ത റെക്കോർഡ്; കപ്പ് നേടിയാൽ ശ്രേയസിനെയും ഹാർദിക്കിനെയും കാത്തിരിക്കുന്നത് അപൂർവ നേട്ടം

അതേ സമയം താരങ്ങളെന്ന നിലയിൽ അപൂർവ കിരീട നേട്ടത്തിലേക്ക് ഒരുങ്ങുകയാണ് ഹര്‍ദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും

dot image

ഐപിഎല്‍ സീസൺ പതിനെട്ടാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തങ്ങളുടെ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. കൊൽക്കത്ത നാലാം കിരീടം ലക്ഷ്യമിടുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ്, ഡെക്കാൻ ചാർജസ് എന്നിവർ ഓരോ കിരീടങ്ങളാണ് നേടിയിട്ടുള്ളത്. ബാക്കിയുള്ള ടീമുകൾ തങ്ങളുടെ ആദ്യ കിരീടത്തിലേക്കുള്ള ശ്രമത്തിലാണ്.

അതേ സമയം താരങ്ങളെന്ന നിലയിൽ അപൂർവ കിരീട നേട്ടത്തിലേക്ക് ഒരുങ്ങുകയാണ് ഹര്‍ദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും.ഇത്തവണ ഹര്‍ദിക് മുബൈ ഇന്ത്യന്‍സിന്റെയും ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്‌സിന്റെയും നായകനാണ്. നായകനെന്ന നിലയില്‍ 2022 ലെ അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ (ജിടി) കിരീടത്തിലെത്തിച്ച് ഹാര്‍ദിക് ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഗുജറാത്ത് തോറ്റു. പിന്നീട് കഴിഞ്ഞ വര്‍ഷം മുംബൈ നായകനായി ഹര്‍ദിക് തിരിച്ചെത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല.

അതേസമയം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ (കെകെആര്‍) കിരീടത്തിലേക്ക് നയിച്ച ശ്രേയസിനെ ടീം നിലനിര്‍ത്തിയില്ല. മെഗാ ലേലത്തില്‍ പഞ്ചാബ് കിങ്‌‌സ് (പിബികെഎസ്) 26.75 കോടി രൂപയ്ക്ക് താരത്തെ വാങ്ങി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരനാണ് താരം.

ഈ സീസണില്‍ പാണ്ഡ്യ മുംബൈയെയും അയ്യര്‍ പഞ്ചാബിനെയും കിരീടത്തിലേക്ക് എത്തിച്ചാല്‍ ക്യാപ്റ്റനെന്ന നിലയില്‍ രണ്ടാം തവണ ഇരുവര്‍ക്കും കിരീട നേട്ടത്തിലെത്താം. ഈ സീസണില്‍ ഹര്‍ദിക്കോ ശ്രേയസോ ആ നേട്ടം കൈവരിച്ചാല്‍, ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കാനാകുക.

Content highlights: very rare achievement awaits hardik and shreyas in the ipl

dot image
To advertise here,contact us
dot image