
ജൂണിൽ ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ വിജയസാധ്യത ഇംഗ്ലണ്ടിനാണെന്ന അവകാശവാദവുമായി ഇംഗ്ലിഷ് ഓപ്പണർ ബെൻ ഡക്കറ്റ് രംഗത്ത്. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്രയെ നേരിടുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ബുംമ്ര തന്നെ ഞെട്ടിക്കുമെന്നൊന്നും കരുതുന്നില്ലെന്ന് ഡക്കറ്റ് അവകാശപ്പെട്ടു.
‘നാട്ടിൽ കളിക്കുന്ന ഇന്ത്യൻ ടീമും വിദേശത്തു കളിക്കുന്ന ഇന്ത്യൻ ടീമും തമ്മിൽ വലിയ അന്തരമുണ്ട്. അതുകൊണ്ട് അവർ ഞങ്ങൾക്ക് തോൽപ്പിക്കാനുള്ള ടീമേയുള്ളൂ. എന്തായാലും ഈ പരമ്പര ആവേശകരമാകുമെന്ന് തീർച്ചയാണെന്നും ബെൻ ഡക്കറ്റ് പറഞ്ഞു.
ജസ്പ്രീത് ബുംമ്രയെ നേരിടുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെങ്കിലും, ബുംമ്രയിൽനിന്ന് വലിയ അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഡക്കറ്റ് പറഞ്ഞു. ബുംമ്രയുടെ പന്തുകൾ തന്നെ ഞെട്ടിക്കുമെന്നും തോന്നുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഏകദിന-ടി 20 പരമ്പര നഷ്ടമായപ്പോൾ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപ്പിക്കുമെന്ന അവകാശ വാദം ഡക്കറ്റ് ഉയർത്തിയിരുന്നു. എന്നാൽ അതിദയനീയമായിരുന്നു ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിന്റെ പ്രകടനം. അതേ സമയം ഏറ്റവും ഒടുവിൽ ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിന് പോയപ്പോൾ 2–2 സമനിലയായിരുന്നു ഫലം. 2024ൽ പര്യടനത്തിന് ഇവിടേക്ക് എത്തിയ ഇംഗ്ലണ്ട് ടീമിനെ 4–1ന് തകർക്കുകയും ചെയ്തിരുന്നു.
Content Highlights: Ben Duckett: Nothing From Bumrah Will Surprise me, England Should Beat India