
ഐപിഎൽ 2025 സീസണിൽ നിന്ന് അപ്രതീക്ഷിതമായി പിൻവാങ്ങിയതിനെ തുടർന്ന് ഹാരി ബ്രൂക്കിനെ രണ്ട് വർഷത്തേക്ക് വിലക്കിയതിനെ പിന്തുണച്ച് ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. ശരിയായ കാരണമില്ലാതെ ഒരു ടീമിൽ നിന്നും പിന്മാറുന്നത് ശരിയല്ലെന്നും താരങ്ങളെ വിശ്വസിച്ചാണ് ഓരോ ടീമും സീസണുകൾക്ക് തയ്യാറെടുക്കുന്നതെന്നും അതിനെ ബഹുമാനിക്കണമെന്നും ക്ലാർക്ക് പറഞ്ഞു.
വിഷയത്തിൽ ബിസിസിഐയുടെ നിലപാട് തനിക്ക് പൂർണ്ണമായി മനസ്സിലാകുമെന്നും ഇത് ഭാവിയിൽ ഒരു മാതൃകയായിരിക്കുമെന്നും ക്ലാർക്ക് പറഞ്ഞു. ലേലത്തിൽ ആവശ്യമുള്ള വില ലഭിച്ചില്ല എന്ന കാരണത്താൽ കളിക്കാർക്ക് പിന്മാറാൻ കഴിയില്ലെന്നും പിൻവാങ്ങലുകൾ അടിയന്തര സാഹചര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ബ്രൂക്ക് ഒരു അത്ഭുതകരമായ കളിക്കാരനാണെന്ന് ക്ലാർക്ക് പ്രശംസിച്ചു. ഭാവിയിൽ അദ്ദേഹം തീർച്ചയായും ഐപിഎല്ലിന്റെ ഭാഗമാകുമെന്ന് പറഞ്ഞു, എന്നാൽ ശരിയായ കാരണമില്ലാതെ ഒരു കളിക്കാരനും മത്സരത്തിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു.
മെഗാ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് 6.25 കോടി രൂപയ്ക്ക് വാങ്ങിയെങ്കിലും ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.
ബിസിസിഐ നിയമങ്ങൾ അനുസരിച്ച്, ഏതെങ്കിലും കളിക്കാരനെ ലേലത്തിൽ വാങ്ങുകയും പിന്നീട് പിന്മാറാൻ തീരുമാനിക്കുകയും ചെയ്താൽ അയാൾക്ക് രണ്ട് വർഷത്തേക്ക് വിലക്ക് ലഭിക്കും.
Content Highlights: England Batter Harry Brook Slammed Brutally Over 2-Year IPL Ban