
അന്താരാഷ്ട്ര മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്വന്റി 20 ലീഗിൽ ഇന്ത്യ ചാംപ്യന്മാരാകുമ്പോൾ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറിന് പ്രായം 52. കാലം ഇനിയുമെത്രെ മുന്നോട്ട് പോയാലും സച്ചിന്റെ ബാറ്റിൽ നിന്ന് പിറക്കുന്ന സ്ട്രൈറ്റ് ഡ്രൈവുകളുടെ ഭംഗി അങ്ങനെ തന്നെ നിലനിൽക്കും. ഒരുകാലത്ത് ടി20 യുവാക്കളുടെ കളിയാണെന്നും പ്രഥമ ട്വന്റി 20 ലോകകപ്പിൽ കളിക്കില്ലെന്നും പറഞ്ഞ സച്ചിൻ തെണ്ടുൽക്കർ. എന്നിട്ടും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി സെഞ്ച്വറി നേട്ടം ഉൾപ്പെടെ പൂർത്തിയാക്കിയാണ് ക്രിക്കറ്റ് ദൈവം കളിക്കളം വിട്ടിറങ്ങിയത്.
ഐപിഎല്ലും ചാംപ്യൻസ് ലീഗും സ്വന്തമാക്കി. മൂന്നാം സീസണിലെ ഉയർന്ന റൺവേട്ടക്കാരൻ, ഐപിഎൽ ടൂർണമെന്റ് താരമാകുന്ന ആദ്യ ഇന്ത്യക്കാരൻ അങ്ങനെ ഒരുപാട് നേട്ടങ്ങൾ ട്വന്റി 20 കളിക്കാൻ മടിച്ചുനിന്ന സച്ചിൻ സ്വന്തമാക്കിയിരുന്നു. ഇതുപോലെ എത്രയധികം താരങ്ങൾ, ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളായി എഴുതി തള്ളപ്പെട്ടു. എന്നിട്ടും അവർ ഐപിഎല്ലിൽ നടത്തിയ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ കാലങ്ങളോളം അനുസ്മരിക്കപ്പെടുന്നു.
ട്വന്റി 20യുടെ ഉത്ഭവത്തിന് മുമ്പെ പരമിത ഓവർ ക്രിക്കറ്റ് ആദ്യ പന്ത് മുതൽ അടിച്ച് തകർക്കാനുള്ളതാണെന്ന് തെളിയിച്ച ചില താരങ്ങളുണ്ട്. സന്നത് ജയസൂര്യയും ഷാഹിദ് അഫ്രീദിയും വിരേന്ദർ സെവാഗുമെല്ലാം കാലത്തിന് മുമ്പെ സഞ്ചരിച്ചവരാണ്. ട്വന്റി 20യിൽ ആറ് പന്തിൽ ആറ് സിക്സർ നേടിയ യുവരാജിന് മുമ്പെ ഏകദിന ക്രിക്കറ്റിൽ ഹെർഷലെ ഗിബ്സ് ഈ നേട്ടത്തിലെത്തി. മിസ്റ്റർ 360 എന്നറിയപ്പെടുന്ന എ ബി ഡിവില്ലിയേഴ്സ് 297 പന്തുകളിൽ 43 റൺസെടുത്ത ടെസ്റ്റ് മത്സരവുമുണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ താരങ്ങളായി എഴുതി തള്ളിയിട്ടും ട്വന്റി 20യുടെ വെടിക്കെട്ട് ആർജിച്ചെടുത്ത ചില താരങ്ങളുണ്ട്. ആ ഇതിഹാസങ്ങളുടെ കഥകളിലേക്ക്.
പ്രഥമ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒരു ടെസ്റ്റ് ടീമായാണ് അറിയപ്പെട്ടിരുന്നത്. രാഹുൽ ദ്രാവിഡ്, ജാക് കാലിസ്, റോസ് ടെയ്ലർ, മാർക് ബൗച്ചർ തുടങ്ങിയ താരങ്ങൾ. ആദ്യ സീസണിൽ റോയൽ ചലഞ്ചേഴ്സിന്റെ പ്രകടനവും മോശമായി. ഏഴാം സ്ഥാനക്കാരായി സീസൺ അവസാനിപ്പിച്ചു. തൊട്ടടുത്ത വർഷം അന്നത്തെ വെടിക്കെട്ട് താരം കെവിൻ പീറ്റേഴ്സണെ ആർസിബി സ്വന്തമാക്കി. ക്യാപ്റ്റനായും താരമായും പീറ്റേഴ്സണിന്റെ പ്രകടനം മോശമായിരുന്നു. സീസണിന്റെ പാതിയിൽ ഇംഗ്ലണ്ടിനായി കളിക്കാൻ പീറ്റേഴ്സൺ തിരിച്ചുവണ്ടി കയറി. അവിടെ ഒരു നായകൻ ജനിക്കുകയായിരുന്നു. അനിൽ കുംബ്ലെയെന്ന ഇന്ത്യൻ ലെഗ് സ്പിൻ ഇതിഹാസം.
2007ൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം. ആദ്യ ഐപിഎല്ലിനെത്തുമ്പോൾ കുംബ്ലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകൻ മാത്രമായിരുന്നു. ഐപിഎൽ ലേലത്തിൽ കുംബ്ലെയ്ക്കായി ആരും രംഗത്തുവന്നില്ല. അന്നത്തെ ആർസിബി ഉടമ വിജയ് മല്യ പറഞ്ഞു. അവൻ എന്റെ പയ്യനാണ്, ബെംഗളൂരുകാരനാണ്. അങ്ങനെ അടിസ്ഥാന വിലയ്ക്ക് കുംബ്ലെ റോയൽ ചലഞ്ചേഴ്സിലെത്തി. രണ്ടാം സീസണിൽ ആർസിബിയെ പാതിവഴിയിൽ നിന്നും കുംബ്ലെ ഏറ്റെടുത്തു. അവസാന സ്ഥാനത്ത് നിന്നും ഐപിഎൽ ഫൈനലിലേക്ക്. കലാശപ്പോരിൽ ഡെക്കാന് മുന്നിൽ വീണു. എങ്കിലും സീസണിൽ കുംബ്ലെയുടെ മാജിക് സ്പിന്നും നായകമികവും ക്രിക്കറ്റ് ലോകം ഏറെ ചർച്ച ചെയ്തു.
2010ലെ ഐപിഎല്ലിൽ ആർസിബി മൂന്നാം സ്ഥാനക്കാരായി. ചാംപ്യൻസ് ലീഗ് ട്വന്റി 20യിലും സെമി കളിച്ചു. അൺസോൾഡിന്റെ വക്കിൽ നിന്നും ആർസിബിയുടെ എക്കാലത്തെയും മികച്ച ടീമാക്കി മാറ്റി കുംബ്ലെ ക്രിക്കറ്റ് കരിയറിന് അവസാനം കുറിച്ചു.
കുംബ്ലെയുടെ ആർസിബിയിൽ ബാറ്റിങ് വിസ്ഫോടനം നടത്തിയ മറ്റൊരു ബാറ്ററുണ്ട്. ലോകക്രിക്കറ്റിൽ ഇന്നും പകരം വെയ്ക്കാനില്ലാത്ത ഓൾറൗണ്ടർ. ജാക് കാലിസ് എന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസം. ടെസ്റ്റിലും ഏകദിനത്തിലും 10,000ത്തിലധികം റൺസെടുത്ത താരം.
അന്താരാഷ്ട്ര കരിയറിൽ 60ലധികം സെഞ്ച്വറികൾ. 500ലധികം വിക്കറ്റുകൾ. പക്ഷേ ഐപിഎല്ലിൽ കാലിസ് തിളങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ 2010ലെ ഐപിഎല്ലിലെ റൺവേട്ടക്കാരിൽ സച്ചിന് പിന്നിൽ രണ്ടാമനായിരുന്നു കാലിസ്. ആകെ 98 മത്സരങ്ങളിൽ നിന്നായി 2427 റൺസ് നേടിയ താരം. 2012ലും 2014ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഐപിഎൽ ഉയർത്തിയാണ് കാലിസ് തന്റെ കരിയറിന് വിരാമമിടുന്നത്.
പ്രഥമ ഐപിഎല്ലിലെ ഏറ്റവും ഗ്ലാമർ കുറഞ്ഞ ടീമുകളിലൊന്നായിരുന്നു രാജസ്ഥാൻ റോയൽസ്. താരലേലത്തിൽ ടീമിലെത്തിയത് ഏതാനും താരങ്ങൾ മാത്രം. ഷെയ്ൻ വോണും യൂനസ് ഖാനും ജസ്റ്റിൻ ലാംഗറും ഡാരൻ ലീമാനുമൊക്കെ കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്നു. രവീന്ദ്ര ജഡേജയും യൂസഫ് പഠാനുമൊക്കെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്നിട്ടുമില്ല. അങ്ങനെയൊരു ടീം ഐപിഎല്ലിന്റെ കപ്പുയർത്തിയെന്നത് അവിശ്വസനീയമായ കഥയായിരുന്നു. അതിന് കാരണമായത് ഒരു ഇതിഹാസമായിരുന്നു. ഷെയ്ൻ വോണെന്ന ഓസ്ട്രേലിയയുടെ അത്ഭുത ലെഗ് സ്പിന്നർ.
കമ്രാൻ അക്മലിനെയും സൊഹൈൽ തൻവീറിനെയും യൂസഫ് പഠാനെയും രവീന്ദ്ര ജഡേജയെയുമെല്ലാം വോൺ നന്നായി ഉപയോഗിച്ചു. താരത്തിളക്കവുമായി വന്ന ഐപിഎൽ ടീമുകൾ വോണിന്റെയും സംഘത്തിന്റെയും പോരാട്ടം കണ്ട് അമ്പരന്നുനിന്നുപോയി. മുംബൈ ഭീകരാക്രമണത്തെ തുടർന്ന് രണ്ടാം സീസൺ മുതൽ പാക് താരങ്ങൾ ഐപിഎല്ലിൽ നിന്ന് വിലക്കപ്പെട്ടു. എന്നിട്ടും ഷെയ്ൻ വോണെന്ന ഒറ്റ നായകന്റെ കീഴിൽ എതിരാളികൾക്ക് ശക്തമായ വെല്ലുവിളിയാകാൻ പിന്നീടുള്ള സീസണുകളിലും രാജസ്ഥാന് കഴിഞ്ഞിരുന്നു.
ഏകദിനത്തിലും ടെസ്റ്റിലും 10,000ത്തിലധികം റൺസ് നേടിയിട്ടും രാഹുൽ ദ്രാവിഡ് ഒരു ടെസ്റ്റ് താരമായി മാത്രമാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഐപിഎല്ലിൽ മുൻനിര തകർന്ന പല മത്സരങ്ങളിലും ആർസിബിയുടെയും രാജസ്ഥാന്റെയും രക്ഷകനായി ദ്രാവിഡ് അവതരിച്ചിട്ടുണ്ട്. പ്രഥമ സീസണിന് ശേഷം രാജസ്ഥാൻ ഐപിഎൽ പ്ലേ ഓഫ് കളിക്കുന്നത് ആറാം സീസണിൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിയിലാണ്. അതേവർഷം ചാംപ്യൻസ് ലീഗിൽ രാജസ്ഥാനെ ഫൈനലിലെത്തിക്കാനും ദ്രാവിഡിന് കഴിഞ്ഞു. കലാശപ്പോരിൽ മുംബൈയുടെ ലോകോത്തര താരനിരയോട് പരമാവധി പൊരുതിയ ശേഷം ദ്രാവിഡിന്റെ ടീം വീണു. അന്ന് വൻമതിലിന്റെ കരിയറിന് അവസാനമായി.
Content Highlights: real cricket legends in world cricket