
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിനും ധനശ്രീ വര്‍മയ്ക്കും വിവാഹമോചനം അനുവദിച്ച് ബാന്ദ്ര കുടുംബ കോടതിയുടെ ഉത്തരവ്. വിവാഹമോചനം അനുവദിക്കാനുള്ള ആറ് മാസത്തെ കാലതാമസം ഒഴിവാക്കണമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞി ദിവസം കുടുംബ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിവാഹമോചനക്കേസില്‍ ഐപിഎല്ലിന് മുമ്പ് തന്നെ തീരുമാനമെടുക്കണമെന്നും ബോംബെ ഹൈക്കോടതി നിർദേശിച്ചിരുന്നു.
. പരസ്പര ധാരണപ്രകാരം കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നുവെന്ന് ചഹലിന്‍റെ അഭിഭാഷകന്‍ നിതിന്‍ കുമാര്‍ ഗുപ്ത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 2020ല്‍ വിവാഹിതരായ ചാഹലും ധനശ്രീയും ഈ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് ഇരുവരും ബാന്ദ്ര കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്.
നേരത്തെ ആറു മാസത്തെ കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചഹലും ധനശ്രീയും കോടതിയെ സമീപിച്ചിരുന്നെങ്കിലും കുടുംബ കോടതി ഈ ആവശ്യം തള്ളിയിരുന്നു. 2020 ഡിസംബറിലായിരുന്നു ചഹലും ധനശ്രീയും വിവാഹിതരായത്. 2022 ജൂൺ മുതൽ ഇരുവരും പിരിഞ്ഞുകഴിയുകയായിരുന്നു.
സെക്ഷൻ 13 ബി (2) പ്രകാരം വിവാഹമോചനക്കേസുകൾ ഫയൽ ചെയ്ത് ആറു മാസത്തിനു ശേഷമാണു പരിഗണിക്കുക. ബന്ധം ഒരുമിക്കുന്നതിനുള്ള സാധ്യതകൾ കൂടി പരിഗണിച്ചാണ് ഇങ്ങനെയൊരു നടപടി. എന്നാൽ ചഹലും ധനശ്രീയും രണ്ടു വർഷത്തിലേറെയായി വേർപിരിഞ്ഞു ജീവിക്കുന്നതിനാല്‍ ഈ രീതിക്ക് ഇളവു നൽകാമെന്ന നിലപാടാണ് ബോംബെ ഹൈക്കോടതി സ്വീകരിച്ചത്.
അതേസമയം ചഹൽ ധനശ്രീക്ക് ജീവനാംശമായി നൽകുന്ന തുകയുടെ വിവരവും പുറത്തുവന്നു. 4.75 കോടി രൂപ ധനശ്രീക്കു നൽകാമെന്നാണ് ചഹൽ അറിയിച്ചിരിക്കുന്നത്. ചഹൽ 60 കോടിയോളം രൂപ ധനശ്രീക്കു നല്‍കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ധനശ്രീയുടെ കുടുംബം ഇത്തരം വിവരങ്ങൾ വ്യാജമെന്ന് പിന്നീട് പ്രതികരിച്ചു.
Content Highlights:Yuzvendra Chahal-Dhanashree Verma Divorce Granted By Court