
ഐപിഎല്‍ യുവതാരങ്ങള്‍ക്ക് ഇന്ത്യൻ ടീമിലെത്താനുള്ള സുവർണാവസരമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഐപിഎല്ലില്‍ തിളങ്ങുന്ന താരങ്ങള്‍ക്ക് ഇന്ത്യക്കായി കളിക്കാനാകുമെന്ന് റെയ്ന പറഞ്ഞു. ഐപിഎല്ലില്‍ തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ പിന്നീട് ഇന്ത്യക്കായി കളിക്കുന്നത് നമ്മള്‍ കണ്ടതാണ്. നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന താരങ്ങളെല്ലാം ഐപിഎല്ലിന്റെ ഏതെങ്കിലും സീസണിൽ മിന്നും പ്രകടനം നടത്തിയവരാകും, അതുകൊണ്ട് തന്നെ യുവതാരങ്ങൾക്ക് നൽകാനുള്ള ഉപദേശം എന്തെന്ന് വെച്ചാൽ ഐപിഎല്ലിൽ തിളങ്ങി ഇന്ത്യൻ ടീമിൽ സീറ്റുറപ്പിക്കൂ എന്നാണ്, റെയ്‌ന കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരാട് കോഹ്‌ലി, ബുംമ്ര തുടങ്ങി ഏത് താരങ്ങളെയെടുത്താലും ഐപിഎല്ലിന്റെ സ്വാധീനം കാണാം, കഴിഞ്ഞ സീസണുകളിലെ മിന്നും പ്രകടനമാണ് തിലക് വര്‍മ റിങ്കു സിംഗ്, യശസ്വി ജയ്‌സ്വാൾ എന്നിവർക്ക് ഇന്ത്യൻടീമിലേക്കുള്ള വിളിയെത്തിയത്. ഒരു സീസണില്‍ 500റണ്‍സടിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനാകും, റെയ്‌ന കൂട്ടിച്ചേർത്തു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരമായ റെയ്ന 205 മത്സരങ്ങളില്‍ 5528 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 39 അര്‍ധസെഞ്ച്വറിയും ഐപിഎല്ലില്‍ റെയ്ന സ്വന്തമാക്കി. ചെന്നൈയുടെ നാല് കിരീട നേട്ടങ്ങളിലും റെയ്ന നിര്‍ണായക പങ്കുവഹിച്ചു.
Content Highlights: ‘If you score 500 runs in IPL, you can play for India’:Suresh Raina