ക്രിക്കറ്റിലെ നെപ്പോട്ടിസം! പരാഗ് അല്ല, സഞ്ജുവിന് പകരം ക്യാപ്റ്റനാവേണ്ടിയിരുന്നത് ജയ്സ്വാൾ, ഫാൻസ് കലിപ്പിൽ

ഇങ്ങനെ പോയാല്‍ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെയും വൈറ്റ് ബോളില്‍ ശിഖര്‍ ധവാന്റെയും അതേ വിധിയായിരിക്കും ജയ്‌സ്വാളിനെയും കാത്തിരിക്കുന്നതെന്നും പോസ്റ്റുകളുണ്ട്

dot image

ഐപിഎൽ 2025 സീസണിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി റിയാന്‍ പരാഗിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകരുടെ വിമർശനം. മലയാളി താരമായ സഞ്ജു സാംസണ് പകരം ഓപണറും സൂപ്പർ ബാറ്ററുമായ യശസ്വി ജയ്‌സ്വാളിനെ ക്യാപ്റ്റനായി നിയമിക്കാത്തതിലുള്ള കടുത്ത നിരാശയിലാണ് ആരാധകര്‍. രാജസ്ഥാൻ റോയൽസ് ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ആരാധകർ. പരാഗിനേക്കാള്‍ എന്തുകൊണ്ടും ടീമിന്റെ നായകസ്ഥാനം അര്‍ഹിച്ചിരുന്നത് ജയ്‌സ്വാളാണെന്നാണ് ആരാധകർ വാദിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സീസണിലെ ആ​ദ്യ മത്സരങ്ങളിൽ റോയൽസിനെ നയിക്കാൻ സഞ്ജു സാംസൺ ഇല്ലെന്ന് ടീം ഔദ്യോ​ഗികമായി അറിയിച്ചത്. ക്യാപ്റ്റന്റെ റോളില്‍ ഉണ്ടാവില്ലെങ്കിലും ഇംപാക്ട് സബായി സഞ്ജു കളിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ സഞ്ജുവിന് പകരം റിയാൻ പരാ​ഗ് ടീമിനെ നയിക്കുമെന്നും ടീം സ്ഥിരീകരിച്ചു. എന്നാൽ പുതിയ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.

സ്ഥിരം ക്യാപ്റ്റന്‍ കഴിഞ്ഞാല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ യശസ്വി ജയ്‌സ്വാളിനെ തഴഞ്ഞ് റിയാന്‍ പരാഗിനെ ക്യാപ്റ്റനാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനത്തോടു യോജിക്കാന്‍ കഴിയില്ലെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. പല മാച്ച് വിന്നിങ് പ്രകടനങ്ങളും പുറത്തെടുത്തിട്ടുള്ള ജയ്സ്വാളിനോട് ടീം മാനേജ്മെന്റ് കാണിക്കുന്ന അനീതിയാണിതെന്നും വലിയ അവ​ഗണനയാണ് താരം നേരിടുന്നതെന്നും ആരാധകർ ആരോപിക്കുന്നു.

സഞ്ജു സാംസണിന് പകരം റിയാന്‍ പരാഗിന് ക്യാപ്റ്റന്‍സി നല്‍കിയത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഇതുവരെയുള്ള ഐപിഎല്‍ സീസണുകൾ പരി​ഗണിച്ചാൽ റോയല്‍സിനായി അവസാന സീസണില്‍ മാത്രമാണ് പരാഗ് മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത്. എന്നാൽ‌ അതുമാത്രം പരി​ഗണിച്ച് പരാ​ഗിന് ക്യാപ്റ്റന്‍സി നല്‍കിയത് വിചിത്രമാണെന്നും ജയ്‌സ്വാള്‍ ഫാന്‍സ് ചൂണ്ടിക്കാട്ടി. ക്രിക്കറ്റിലെ നെപ്പോട്ടിസമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ആരാധകർ കുറ്റപ്പെടുത്തുന്നുണ്ട്. സഞ്ജുവിന്‍റെ ഫേവറേറ്റ് പ്ലെയര്‍ ആയതുകൊണ്ട് മാത്രമാണ് പരാഗിന് ക്യാപ്റ്റന്‍ സ്ഥാനം കിട്ടിയതെന്നാണ് ഇവരുടെ ആരോപണം.

യശസ്വി ജയ്‌സ്വാള്‍ തീര്‍ച്ചയായും രാജസ്ഥാന്‍ റോല്‍സിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു ഫ്രാഞ്ചൈസി അര്‍ഹിക്കുന്നുണ്ടെന്നും ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. നല്ലൊരു പിആര്‍ ടീമിനെ ഒപ്പം കൂട്ടാതെ യശസ്വി ജയ്‌സ്വാള്‍ സ്വന്തം ക്രിക്കറ്റ് കരിയര്‍ തകര്‍ക്കുകയാണ്. ഇങ്ങനെ പോയാല്‍ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെയും വൈറ്റ് ബോളില്‍ ശിഖര്‍ ധവാന്റെയും അതേ വിധിയായിരിക്കും ജയ്‌സ്വാളിനെയും കാത്തിരിക്കുന്നതെന്നും പോസ്റ്റുകളുണ്ട്. ഒരു ടോപ് പെര്‍ഫോമറായ ജയ്സ്വാളിനെ ആരും തിരിച്ചറിയില്ല. കരിയറില്‍ നല്ല രീതിയിൽ മുന്നോട്ടു പോവണമെങ്കില്‍ ഈ 'അസ്സം റോയല്‍സ്' ടീം വിടണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Content Highlights: 'Jaiswal is killing his career, will end up like Pujara': Riyan Parag captaincy call triggers ‘nepotism in cricket’

dot image
To advertise here,contact us
dot image