
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനൊപ്പമുണ്ടായിരുന്നപ്പോൾ തനിക്ക് ഉണ്ടായ ദുരനുഭവം ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2011ൽ ചാംപ്യൻസ് ലീഗ് കാലഘട്ടത്തിൽ മുംബൈ ഇന്ത്യൻസിലെ സഹതാരങ്ങൾ തന്നെ ഉപദ്രവിച്ചെന്നായിരുന്നു അന്ന് ചഹല്‍ വെളിപ്പെടുത്തിയത്. മുംബൈ ഇന്ത്യൻസ് സഹതാരങ്ങളായ ആൻഡ്രൂ സൈമണ്ട്സും ജെയിംസ് ഫ്രാങ്ക്ലിനും ഒരിക്കൽ തന്നെ കെട്ടിയിട്ട് വായിൽ ടേപ്പ് ഒട്ടിച്ച് രാത്രി മുഴുവൻ മുറിയിൽ കിടത്തിയെന്നായിരുന്നു ആർസിബി പോഡ്കാസ്റ്റിൽ യുസ്‌വേന്ദ്ര ചഹൽ പറഞ്ഞത്.
'2011-ൽ ചെന്നൈയിലെ ഒരു ഹോട്ടലിൽ ചാംപ്യൻസ് ലീഗ് ഞങ്ങൾ നേടിയതിന് ശേഷമായിരുന്നു സംഭവം. ആൻഡ്രൂ സൈമണ്ട്സ് നന്നായി മദ്യപിച്ചിരുന്നു. ഞാൻ മാത്രമായിരുന്നു അപ്പോൾ അവിടെ ഉണ്ടായിരുന്നത്. ജെയിംസ് ഫ്രാങ്ക്ലിനും സൈമണ്ട്സും ചേർന്ന് എന്റെ കൈകളും കാലുകളും കെട്ടിയിട്ടു. ഈ കെട്ടഴിക്കണമെന്ന് ഞാൻ പറഞ്ഞു. അവരാണെങ്കിൽ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു അപ്പോഴുണ്ടായിരുന്നത്. എന്റെ വായിൽ ടേപ്പ് ഒട്ടിച്ചു. ആ റൂമിൽ എന്നെ വിട്ടിട്ട് അവർ പോയി. പിറ്റേന്ന് രാവിലെ മുറി വൃത്തിയാക്കാൻ വന്ന ആളാണ് എന്നെ രക്ഷപ്പെടുത്തിയത്,' ചഹൽ പോഡ്കാസ്റ്റിൽ പറഞ്ഞു.
സൈമണ്ട്സും ഫ്രാങ്ക്ലിനും ക്ഷമ ചോദിച്ചോ എന്ന് ചഹലിനോട് പോഡ്കാസ്റ്റിൽ ചോദ്യമുയര്‍ന്നിരുന്നു. അപ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചെന്ന് പോലും ഓർമ ഇല്ലാത്ത രീതിയിലാണ് അവർ പെരുമാറിയതെന്നാണ് ചഹൽ മറുപടി പറഞ്ഞത്. ഐപിഎല്ലിന്‍റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഈ വീഡിയോ വീണ്ടും വെെറലാകുന്നത്.
അതേസമയം, ഇത്തവണ പഞ്ചാബ് കിങ്സിന് വേണ്ടിയാണ് ചഹൽ കളിക്കുന്നത്. രാജസ്ഥാൻ റോയൽസിൽ നിന്ന് മെഗാ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് ചഹൽ പഞ്ചാബിലെത്തിയത്. 205 വിക്കറ്റുകളുമായി ലീഗിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ് ചഹല്‍.
Content Highlights: When Yuzvendra Chahal was tied up with mouth taped by 'drunk' Mumbai Indians players during 2011 Champions League celebrations