
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാവുകയാണ്. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് 7.30നാണ് മത്സരം.
സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാരായ കപിൽ ദേവ്, എം എസ് ധോണി, രോഹിത് ശർമ എന്നിവർ ഉൾപ്പെട്ട ഒരു ടിവി പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഒരു പാനലിൽ ധോണിയും ഇതിഹാസ താരം കപിൽ ദേവും ഇരിക്കുമ്പോൾ അവിടെ രോഹിത് എത്തി 'സെൽഫി വേണോ ഓട്ടോഗ്രാഫ് വേണോ' എന്ന് ചോദിക്കുന്നു.
രോഹിത്തിന്റെ അപ്രതീക്ഷിതമായിട്ടുള്ള ചോദ്യം കേട്ട് ധോണിയും കപിലും ഒരു നിമിഷം അമ്പരക്കുന്നതാണ് വീഡിയോയിൽ. തൊട്ടുപിന്നാലെ തന്റെ ചോദ്യത്തിന് മാപ്പ് പറഞ്ഞുകൊണ്ട് ചിരിക്കുകയാണ് രോഹിത്. രോഹിത്തിനൊപ്പം കപിലും ധോണിയും ചിരിക്കുന്നതും വീഡിയോയിൽ കാണാം.
അതേസമയം ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിത് ശർമയും ഇന്ത്യയുടെ മുൻ നായകൻ എം എസ് ധോണിയും പുതിയ ഐപിഎൽ സീസൺ കളിക്കാൻ ഒരുങ്ങുകയാണ്. മുംബൈ ഇന്ത്യൻസിനായി കഴിഞ്ഞ സീസണിൽ തിളങ്ങാൻ സാധിക്കാതെ പോയ രോഹിത് ഇത്തവണ മികവിലേക്ക് വരുമെന്നാണ് കരുതപെടുന്നത്. ഐപിഎല്ലിന്റെ നിത്യഹരിത നായകനെന്ന് അറിയപ്പെടുന്ന ധോണിയുടെ അവസാന ഐപിഎൽ സീസണായിരിക്കാം ഇത്. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ആറാം ഐപിഎൽ കിരീടം ഉയർത്തി ക്രിക്കറ്റ് മതിയാക്കാനായിരിക്കും ധോണി ശ്രമിക്കുക.
Content Highlights: Do you want a selfie or an autograph? Dhoni and Kapil are surprised by Rohit's question, video goes viral