ഐപിഎല്ലില്‍ ഇന്ന് എല്‍ ക്ലാസികോ ആവേശം! ധോണിയും രോഹിത്തും നേര്‍ക്കുനേര്‍; CSK-MI പോരാട്ടം ചെന്നൈയില്‍

ഐപിഎല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഗ്ലാമര്‍ പോരാട്ടത്തിനാണ് ചെന്നൈയില്‍ കളമൊരുങ്ങുന്നത്

dot image

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഇന്ന് എല്‍ ക്ലാസികോ മത്സരം. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ചെന്നൈയുടെ തട്ടകമായ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ആവേശപ്പോരാട്ടം.

ഐപിഎല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഗ്ലാമര്‍ പോരാട്ടത്തിനാണ് ചെന്നൈയില്‍ കളമൊരുങ്ങുന്നത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ചാംപ്യന്മാരായിട്ടുള്ള രണ്ട് കരുത്തരായ ടീമുകള്‍ മുഖാമുഖം എത്തുമ്പോള്‍ ചെപ്പോക്കില്‍ തീപാറുമെന്നുറപ്പാണ്. കഴിഞ്ഞ ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈയും മുംബൈയും ഇത്തവണ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.

റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയെ നയിക്കുന്നത്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഒരു മത്സരം വിലക്ക് നേരിടുന്ന മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവാണ് ഇന്ന് മുംബൈയെ നയിക്കുന്നത്.

ക്യാപ്റ്റന്മാര്‍ മാറിയെങ്കിലും ചെന്നൈ-മുംബൈ മത്സരങ്ങളുടെ പ്രധാന ഹൈലൈറ്റ് എം എസ് ധോണിയും രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വരുന്നതാണ്. ഐപിഎല്ലിന്റെ നിത്യഹരിതനായകന്‍ ധോണി ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ലോകകപ്പ് വിജയത്തോടെ അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ശേഷം രോഹിത് ശര്‍മ ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

Content Highlights: Indian Premier League 2025: IPL Match 3 CSK vs MI - Chennai Super Kings vs Mumbai Indians

dot image
To advertise here,contact us
dot image