പുതിയ റോളില്‍ സഞ്ജു ഇറങ്ങുന്നു; ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ് മത്സരം

dot image

2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം പോരാട്ടത്തില്‍ ഇന്ന് നിലവിലെ റണ്ണേഴ്‌സ് അപ്പായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ് മത്സരം.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് പകരം റിയാന്‍ പരാഗിന് കീഴിലായിരിക്കും ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുക. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാവാത്ത സഞ്ജു ബാറ്റര്‍ ആയി മാത്രമാണ് കളിക്കുക. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനാവാനില്ലെന്ന് സഞ്ജു സാംസണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇംപാക്ട് സബ്ബായിട്ടായിരിക്കും സഞ്ജു കളിക്കുക. പകരം ധ്രുവ് ജുറേല്‍ ടീമിന്റെ വിക്കറ്റ് കീപ്പറാകും.

അതേസമയം 2024 ഫൈനലില്‍ നഷ്ടമായ ഐപിഎല്‍ കിരീടം തിരിച്ചുപിടിക്കുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ ഇറങ്ങുന്നത്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിംഗ് നിര അവര്‍ക്ക് ഉണ്ട്. പാറ്റ് കമ്മിന്‍സ് നേതൃത്വം നല്‍കുന്ന ബൗളിങ് നിരയും അപകടം സൃഷ്ടിക്കുന്നതാണ്.

2024 ലെ ഐപിഎല്‍ ക്വാളിഫയര്‍ മത്സരത്തിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് എസ്ആര്‍എച്ച് രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ഈ പരാജയത്തിന് റോയല്‍സ് കണക്കുതീര്‍ക്കുമോയെന്ന് കാത്തിരുന്ന് കാണാം. റണ്ണൊഴുകുന്ന ഹൈദരാബാദ് സ്‌റ്റേഡിയത്തില്‍ ആവേശകരമായ മത്സരം പ്രതീക്ഷിക്കാം.

Content Highlights: IPL 2025: Sunrisers Hyderabad vs Rajasthan Royals Match, Sanju Samson to play as impact player

dot image
To advertise here,contact us
dot image