നാലാം ടി20യിലും നാണംകെട്ട് പാകിസ്താന്‍; പരമ്പര പിടിച്ചെടുത്ത് ന്യൂസിലാന്‍ഡ്

അഞ്ച് മത്സര പരമ്പര ന്യൂസിലാന്‍ഡ് 3-1ന് സ്വന്തമാക്കി

dot image

പാകിസ്താനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്. നാലാം ടി20യില്‍ 115 റണ്‍സിന് പാകിസ്താനെ തകര്‍ത്തതോടെയാണ് കിവീസ് പരമ്പര പിടിച്ചെടുത്തത്. 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 16.2 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ അഞ്ച് മത്സര പരമ്പര ന്യൂസിലാന്‍ഡ് 3-1ന് സ്വന്തമാക്കി.

ബേ ഓവലിൽ നടന്ന പോരാട്ടത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഓപ്പണർ ഫിന്‍ അലന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. 20 പന്തില്‍ 50 റണ്‍സടിച്ച ഫിന്‍ അലനാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ടിം സീഫർട്ട് 22 പന്തില്‍ 44 റണ്‍സടിച്ചപ്പോള്‍ നായകന്‍ മൈക്കല്‍ ബ്രേസ്‌വെല്‍ 26 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. പാകിസ്താനുവേണ്ടി ഹാരിസ് റൗഫ് 27 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അബ്രാര്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.

221 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന് മോശം തുടക്കമായിരുന്നു ലഭിച്ചത്. രണ്ടാം പന്തില്‍ തന്നെ ഓപണര്‍ മുഹമ്മദ് ഹാരിസിനെ(2) വില്യം ഒറൂര്‍ക്കെ ബൗള്‍ഡാക്കി. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചംവറി നേടിയ ഹസന്‍ നവാസിനെ (1) രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ജേക്കബ് ഡഫി പുറത്താക്കി.

ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെ(1) കൂടി ഡഫി പുറത്താക്കിയതോടെ പാക് പട മൂന്ന് വിക്കറ്റിന് 9 റൺസെന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞു. ഇര്‍ഫാന്‍ ഖാൻ (24) പ്രതീക്ഷ നല്‍കിയെങ്കിലും പവര്‍ പ്ലേയില്‍ തന്നെ മടങ്ങി. ഡഫി തന്നെയാണ് ഇര്‍ഫാന്‍ ഖാനെയും മടക്കിയത്. ഷദാബ് ഖാനും(1) അതിവേ​ഗം മടങ്ങി. ഇതോടെ പവര്‍പ്ലേയില്‍ 42-5ലേക്ക് കൂപ്പുകുത്തിയ പാകിസ്താന് വീണ്ടും വിക്കറ്റുകള്‍ തുടരെ നഷ്ടമായി.

കുഷ്ദീല്‍ ഷായും (6) അബ്ബാസ് അഫ്രീദിയും (1) ഷഹീന്‍ അഫ്രീദിയും (6) കൂടി പിന്നാലെ വീണതോടെ പാകിസ്താൻ 56-8ലേക്ക് കൂപ്പുകുത്തി. അബ്ദുള്‍ സമദിനൊപ്പം ക്രീസിലുറച്ചുനിന്ന് മുന്നേറിയ ഹാരിസ് റൗഫ് പാകിസ്ഥാനെ 100 കടത്തുമെന്ന് തോന്നിച്ചെങ്കിലും ഡഫിക്ക് മുമ്പില്‍ വീണു. സമദിന്‍റെ പോരാട്ടമാണ് പാകിസ്താനെ 100 കടത്തി വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

Content Highlights: NZ vs PAK, 4th T20: New Zealand clinches series with 115-run win over Pakistan

dot image
To advertise here,contact us
dot image