ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്താന്‍ സഞ്ജു; ചരിത്രനേട്ടത്തിലേക്ക് ഇനി 66 റൺസ് ദൂരം

ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒരു തകർപ്പൻ റെക്കോർഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ രണ്ടാം പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന് വേണ്ടി കളത്തിലിറങ്ങുകയാണ്. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ. ഓറഞ്ച് ആർമിയുടെ തട്ടകമായ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒരു തകർപ്പൻ റെക്കോർഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

മത്സരത്തിൽ 66 റൺസ് കൂടി നേടാൻ സഞ്ജുവിന് സാധിച്ചാൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഐപിഎല്ലിൽ 4000 റൺസ് പൂർത്തീകരിക്കുന്ന ആദ്യ താരമായി മാറാൻ സഞ്ജുവിന് സാധിക്കും. ഇതിനോടകം തന്നെ രാജസ്ഥാന് വേണ്ടി 141 ഇന്നിംഗ്‌സുകളിൽ നിന്നും 31.72 എന്ന ശരാശരിയിൽ 3934 റൺസാണ് മലയാളി താരം അടിച്ചെടുത്തിട്ടുള്ളത്. രാജസ്ഥാന് വേണ്ടി രണ്ട് സെഞ്ച്വറികളും 25 അർധ സെഞ്ച്വറികളും ഉൾപ്പെടെയാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നിട്ടുള്ളത്. ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ തന്നെ മിന്നും പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ റോയൽസിന് വേണ്ടി ചരിത്രം തിരുത്താൻ സഞ്ജുവിന് കഴിയും.

ഐപിഎല്ലിന്റെ ചരിത്രത്തിൽ ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളതും സഞ്ജുവാണ്. ഐപിഎല്ലിൽ ഓറഞ്ച് ആർമിക്കെതിരെ 801 റൺസാണ് രാജസ്ഥാൻ നായകൻ ഇതുവരെ നേടിയിട്ടുള്ളത്. നാല് അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയുമാണ് ഹൈദരാബാദിനെതിരെ സഞ്ജുവിന്റെ പേരിലുള്ളത്.

അതേസമയം സീസണിലെ ആദ്യത്തെ മൂന്ന് മത്സരത്തിൽ സഞ്ജു സാംസണിന് പകരം റിയാൻ പരാഗാണ് രാജസ്ഥാനെ നയിക്കുക. ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്ററായി മാത്രമായിരിക്കും സഞ്ജു കളിക്കുക. ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ സംഭവിച്ച പരുക്കിന്‌ ശേഷം സഞ്ജു പൂർണമായും ഫിറ്റ്നസ് നേടിയിരുന്നില്ല. ഇതോടെയാണ് താരം ആദ്യ മൂന്ന് മത്സരത്തിൽ ഇംപാക്ട് പ്ലെയറായി മാത്രം കളത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളിലും ധ്രുവ് ജുറേലായിരിക്കും രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ.

Content Highlights: IPL 2025: Sanju samson on the Verge of Creating History, eyes on a super Record For Rajasthan Royals

dot image
To advertise here,contact us
dot image