
സോഷ്യൽ മീഡിയയിൽ തമ്മിലടിച്ച് ഇന്ത്യയുടെയും പാകിസ്താന്റെയും ഇതിഹാസ താരങ്ങളായ വീരേന്ദർ സെവാഗും ഷോയിബ് അക്തറും. വീരേന്ദർ സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറി തള്ള് കേട്ട് മടുത്തുവെന്നും ഒരു നേട്ടം നേടിയെന്ന് കരുതി അത് എപ്പോഴുമെപ്പോഴും പറയുന്നത് ബോറാണെന്നും അക്തർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് അക്തർ സെവാഗിനെതിരെ ആഞ്ഞടിച്ചത്.
നടി മന്ദിര ബേദി, സാഹിബ ബാലി എന്നിവർക്കൊപ്പം ഒരു പരസ്യത്തിൽ സെവാഗ് തന്റെ പഴയ ട്രിപ്പിൾ സെഞ്ച്വറി നേട്ടം ഓർമിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് അക്തർ രംഗത്തെത്തിയത്. 'ഞാൻ വീരു പാജിയുടെ ഒരു വീഡിയോ കണ്ടു. അവന്റെ സംസാരം കേട്ട് എനിക്ക് മടുത്തു. കഴിഞ്ഞ 20 വർഷമായി അദ്ദേഹം ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ആ 300 നേടിയപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു. നീ നന്നായി കളിച്ചു, സംശയമില്ല.
പക്ഷേ ഇത് ഉപവാസത്തിന്റെ മാസമാണ്, ഒരാൾ തന്റെ നാവ് നിയന്ത്രിക്കണം, അതിനാൽ ദയവായി ഇപ്പോൾ നിർത്തൂ, അക്തർ പറഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ 300 എന്ന് പറയുന്ന വ്യക്തിക്കുള്ള അവാർഡ് സെവാഗിന് കൊടുക്കണമെന്നും അക്തർ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാ ണ് സെവാഗ്. യാദൃശ്ചികമായി പാകിസ്താനെതിരെയായിരുന്നു സെവാഗ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയത്. 2004 ൽ മുൾട്ടാനിൽ വെച്ചായിരുന്നു ഈ നാഴികക്കല്ല് പിറന്നത്. പാകിസ്താൻ സ്പിന്നർ സഖ്‌ലെയ്ൻ മുഷ്താഖിനെ സിക്‌സ് അടിച്ചുകൊണ്ടാണ് സേവാഗ് ഈ നാഴികക്കല്ല് പിന്നിട്ടത്. ഷോയിബ് അക്തറും ടീമിന്റെ ഭാഗമായിരുന്നു.
Content Highlights:Shoaib Akhtar Warns Virender Sehwag, "Fed Up" Of Constant 300 Rant