
ആദ്യ ഓവറിൽ തന്നെ ഡൽഹിയെ പ്രതിരോധത്തിലാക്കി ശ്രദ്ധുൽ താക്കൂർ. ഐപിഎല്ലിൽ ലഖ്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മുന്നിലുണ്ടായിരുന്ന 210 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ നിർണായകമായ 2 വിക്കറ്റുകളാണ് 'ലോർഡ്' താക്കൂർ വീഴ്ത്തിയത്.
അവരുടെ ഓപണറായ മഗ്യൂർക്കിനേയും വൺ ഡൗണായി ഇറങ്ങിയ അഭിഷേക് പോറലിനെയുമാണ് ടീമിലേക്ക് അവസാനനിമിഷം മാത്രം ഇടം നേടിയ താക്കൂർ പുറത്താക്കിയത്. ഇതോടെ ആദ്യ ഓവറിൽ തന്നെ ഡൽഹി പ്രതിരോധത്തിലാവുകയും ചെയ്തു. പിന്നീട് ബാറ്റിങ്ങിനെത്തിയ സമീർ റിസ്വിയെ സിദ്ദാർഥും പുറത്താക്കി. രണ്ടാമത്തെ ഓവർ കഴിയും മുമ്പേ വലിയ വിജയലക്ഷ്യത്തിനു മുന്നിൽ വിക്കറ്റുകൾ കൊഴിഞ്ഞ് പതറി ഡൽഹി. നിലവിൽ ഡൽഹി 5.4 ഓവറിൽ 51 ന് 4 വിക്കറ്റ് എന്ന നിലയിലാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൌ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് ആണ് നേടിയത്. നിക്കോളാസ് പൂരന്റെയും മിച്ചൽ മാർഷിന്റെയും തകർപ്പൻ പ്രകടനമാണ് ലഖ്നൌവിന് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണാറായി ക്രീസിലെത്തിയ മാർഷ് 36 പന്തിൽ നിന്നും 72 റൺസും പൂരാൻ 30 പന്തിൽ 75 റൺസും നേടി. 5 ഓവറിൽ 50 കടന്ന ടീം സ്കോർ പവർ പ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64ൽ എത്തിയിരുന്നു. 8.2 ഓവറിൽ ടീം സ്കോർ 100 റൺസ് തികഞ്ഞു. 19 പന്തിൽ 27 റൺസുമായി മില്ലർ പുറത്താകാതെ നിന്നു.
അവസാന ഓവറുകളിൽ മറുഭാഗത്ത് വിക്കറ്റുകൾ നിരന്തരമായി വീണതാണ് ലഖ്നൌവിന് തിരിച്ചടിയായത്. അല്ലെങ്കിൽ 250 നു മുകളിൽ റൺസ് നേടാനുള്ള അവസരം ലഖ്നൗവിന് ഉണ്ടായിരുന്നു.
content highlights: IPL 2025: Shradhul takur gets 2 wickets in first over vs LSG