
ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായത് മലയാളി സ്പിന്നർ വിഘ്നേഷായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം നടത്തിയ മലയാളി താരത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരത്തിൽ വിഘ്നേഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവ്ജോത് സിങ് സിദ്ദു. ഇപ്പോഴത്തെ ചില ലോക്കൽ സ്പിന്നർമാരെ പോലെയല്ല വിഘ്നേഷെന്നും ഇതിഹാസ താരങ്ങളായ ബിഷൻ സിങ് ബേദിയെയും എരപ്പള്ളി പ്രസന്നയെ യുവതാരം അനുസ്മരിപ്പിച്ചെന്നും സിദ്ദു പറഞ്ഞു.
' വിഘ്നേഷ് വിക്കറ്റുകൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ടേയിരുന്നു, മുന്നിൽ ആരാണെന്നുള്ളത് അവനെ ഭയപ്പെടുത്തിയിട്ടേ ഇല്ല, സ്ലോ ബോളുകൾ ആണ് അവന്‍റെ പ്രധാന ആയുധം. നിലവിലെ സ്‌പിന്നർമാർ സാധാരണയായി ഉപയോഗിക്കുന്ന തന്ത്രമല്ല വിഘ്നേഷിന്‍റേത്. വ്യത്യസ്‌തനാണ്, ഇതിഹാസ സ്പിന്നർമാരെ പോലെയാണ് അവൻ പന്തെറിയുന്നത്, സിദ്ധു കൂട്ടിച്ചേർത്തു.
അതേ സമയം മത്സരശേഷം ചെന്നൈയുടെ സൂപ്പർ താരം എം എസ് ധോണി താരത്തെ തോളിൽ തട്ടി അഭിനന്ദിച്ചിരുന്നു. ടീം ഉടമ നിതാ അംബാനിയും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സൂര്യകുമാറും പ്രശംസകളുമായി രംഗത്തെത്തിയിരുന്നു. മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റമാണ് നടത്തിയത്. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.
സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഘ്‌നേഷിന്റെ പേര് ഉയർന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഘ്‌നേഷിനെ മുംബൈ ട്രയൽസിന് ക്ഷണിച്ചിരുന്നു.
അതേ സമയം ഐപിഎൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ ചെന്നൈ സൂപ്പർ കിങ്‌സ് തോൽപ്പിച്ചു . മുംബൈയുടെ 155 റൺസ് ടോട്ടൽ 5 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി റിതുരാജും രചിൻ രവീന്ദ്രയും അർധ സെഞ്ച്വറി നേടി. രചിൻ 65 റൺസെടുത്തപ്പോൾ റിതുരാജ് 53 റൺസ് നേടി.
നേരത്തെ ചെപ്പോക്കിൽ ബോളർമാർ മികച്ചുപന്തെറിഞ്ഞപ്പോൾ മുംബൈ 155 റൺസിലൊതുങ്ങി. സൂര്യ കുമാർ 29 റൺസെടുത്തും തിലക് വർമ 31 റൺസെടുത്തും പുറത്തായി. ദീപക് ചഹാർ 28 റൺസെടുത്ത് പുറത്താകാതെയിരുന്നു. രോഹിത് ശർമയടക്കം മറ്റ് ബാറ്റർമാർക്ക് തിളങ്ങാൻ കഴിഞ്ഞില്ല. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദ് നാല് വിക്കറ്റ് നേടി.
Content Highlights: Navjot Singh Sidhu hails on vignesh puthur magical perfomance for mumbai indians in ipl