'അവനിൽ ആത്‌മവിശ്വാസമുണ്ടായിരുന്നു, അവസരങ്ങൾ ഇനിയും നൽകും'; വിഘ്‌നേഷിനെ കുറിച്ച് സൂര്യകുമാർ

നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി

dot image

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായ മലയാളി സ്പിന്നറെ കുറിച്ച് മനസ്സ് തുറന്ന് മത്സരത്തിൽ മുംബൈയുടെ ക്യാപ്റ്റനായിരുന്ന സൂര്യകുമാർ യാദവ്. അവന്റെ കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അത് കൊണ്ട് തന്നെ ബോൾ നൽകാൻ ഒരു മടിയും ഇല്ലായിരുന്നുവെന്നും സൂര്യ പറഞ്ഞു, ഇനിയും മുംബൈ ടീം താരത്തിന് അവസരം നൽകുമെന്നും സൂര്യ കൂട്ടിച്ചേർത്തു.

ഞങ്ങളുടെ ടോട്ടലിൽ ഒരു 20 റൺസിന്റെ കുറവുണ്ടായിരുന്നു, പക്ഷെ ഞങ്ങളുടെ താരങ്ങള്‍ പുറത്തെടുത്ത കാണിച്ച പോരാട്ടവീര്യം പ്രശംസനീയമായിരുന്നു. മുംബൈ യുവതാരങ്ങള്‍ക്ക് എപ്പോഴും അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ലേലത്തിലൂടെയല്ലാതെ നേരിട്ടുള്ള സ്‌കൗട്ടുകളിലൂടെ താരങ്ങളെ കണ്ടെത്തുന്നു, അങ്ങനെയാണ് വിഘ്‌നേഷിനെ കണ്ടെത്തിയത്. സൂര്യ കൂട്ടിച്ചേർത്തു.

മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റമാണ് നടത്തിയത്. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഘ്‌നേഷിന്റെ പേര് ഉയർന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഘ്‌നേഷിനെ മുംബൈ ട്രയൽസിന് ക്ഷണിച്ചിരുന്നു.

അതേ സമയം ഐപിഎൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ ചെന്നൈ സൂപ്പർ കിങ്‌സ് തോൽപ്പിച്ചു . മുംബൈയുടെ 155 റൺസ് ടോട്ടൽ 5 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി റിതുരാജും രചിൻ രവീന്ദ്രയും അർധ സെഞ്ച്വറി നേടി. രചിൻ 65 റൺസെടുത്തപ്പോൾ റിതുരാജ് 53 റൺസ് നേടി.

നേരത്തെ ചെപ്പോക്കിൽ ബോളർമാർ മികച്ചുപന്തെറിഞ്ഞപ്പോൾ മുംബൈ 155 റൺസിലൊതുങ്ങി. സൂര്യ കുമാർ 29 റൺസെടുത്തും തിലക് വർമ 31 റൺസെടുത്തും പുറത്തായി. ദീപക് ചഹാർ 28 റൺസെടുത്ത് പുറത്താകാതെയിരുന്നു. രോഹിത് ശർമയടക്കം മറ്റ് ബാറ്റർമാർക്ക് തിളങ്ങാൻ കഴിഞ്ഞില്ല. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദ് നാല് വിക്കറ്റ് നേടി.

Content Highlights:  suryakumar yadav on vignesh puthur magical perfomance for mumbai indians in ipl

dot image
To advertise here,contact us
dot image