
ഇതിഹാസതാരം എം എസ് ധോണിക്കൊപ്പം ക്രീസ് പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് യുവ ഓപണര്‍ രച്ചിന്‍ രവീന്ദ്ര. മുംബൈയ്‌ക്കെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ സിക്‌സറടിച്ച് രച്ചിനാണ് ചെന്നൈയുടെ വിജയറണ്‍ കുറിച്ചത്. അവസാന ഓവറില്‍ നാല് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോള്‍ ചെപ്പോക്കിലെ ആരാധകര്‍ എം എസ് ധോണി വിജയറണ്‍സ് കുറിക്കണമെന്ന് ആഗ്രഹിച്ച സമയത്താണ് രച്ചിന്‍ സിക്‌സടിക്കുന്നത്.
Rachin ravindra finished it and #CSK starts up with a win #TATAIPL2025 #MSDhoni #RachinRavindra #ElClasico pic.twitter.com/P47kFO3xSv
— Chandu55 (@Chandu5510) March 24, 2025
ധോണിക്ക് സ്‌ട്രൈക്ക് ലഭിക്കണമെന്നായിരിക്കും ആരാധകരെല്ലാം ആഗ്രഹിച്ചിട്ടുണ്ടാവുകയെന്നും മത്സരശേഷം രച്ചിന്‍ പറഞ്ഞു. ധോണി സ്‌ട്രൈക്കില്‍ എത്തുന്നത് കാണാനായി കാണികള്‍ വലിയ ആരവം ഉയര്‍ത്തുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ പ്രയാസമാണെന്നും ന്യൂസിലാന്‍ഡ് താരം തുറന്നുസമ്മതിച്ചു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മത്സരം പൂര്‍ത്തിയാക്കുന്നതിലായിരുന്നു താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും രച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ആ നിമിഷങ്ങളില്‍ മറ്റെന്തെങ്കിലും ഉള്‍ക്കൊള്ളുകയെന്നത് പ്രയാസമാണ്. കാരണം ടീമിന് വേണ്ടി കളി ജയിക്കുന്നതിലായിരിക്കും ശ്രദ്ധ. എന്നാല്‍ ആരാധകരുടെ ആഗ്രഹങ്ങള്‍ അവഗണിക്കുന്നതും പ്രയാസമുള്ള കാര്യമാണ്. ധോണി ക്രീസിലേക്ക് വരുമ്പോള്‍ വിസിലടിയും ആര്‍പ്പുവിളികളും ഉയരുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാം. ആദ്യമായി അദ്ദേഹത്തോടൊപ്പം ക്രീസ് പങ്കിടാന്‍ സാധിച്ചു. അത് രസകരമാണ്. ക്രിക്കറ്റിലെ ഇതിഹാസമാണ് ധോണി. ഇവിടെ ധാരാളം ആളുകള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ട്', രച്ചിന്‍ പറഞ്ഞു.
'ഞാന്‍ ധോണിക്ക് സ്‌ട്രൈക്ക് നല്‍കി മത്സരം പൂര്‍ത്തിയാക്കുമെന്ന് എല്ലാ ആരാധകരും പ്രതീക്ഷിച്ചിരിക്കാം. അദ്ദേഹത്തിന് അത് സാധിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കുക മാത്രമാണ് ലക്ഷ്യം. അദ്ദേഹം സിഎസ്‌കെയ്ക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ ഫിനിഷ് ചെയ്തിട്ടുണ്ട്. ഇനിയും ധാരാളം മത്സരങ്ങള്‍ വരാനുണ്ടെന്നും എനിക്ക് ഉറപ്പുണ്ട്', രച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് മുംബൈയെ ചെന്നൈ തകര്‍ത്തെറിഞ്ഞത്. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടക്കുകയായിരുന്നു. 45 പന്തില്‍ പുറത്താകാതെ രണ്ട് ബൗണ്ടറിയും നാല് സിക്‌സും സഹിതം 65 റണ്‍സ് നേടിയ രച്ചിനാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
Content Highlights: Rachin Ravindra on not letting MS Dhoni score winning runs vs Mumbai Indians