എന്തുപണിയാ കാണിച്ചേ? ധോണിയെ ഫിനിഷ് ചെയ്യാന്‍ അനുവദിക്കാത്തതിന് രച്ചിനെതിരെ ആരാധകര്‍

രച്ചിന്‍ സിക്‌സടിച്ച് മത്സരം വിജയിപ്പിക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്കില്‍ സൂപ്പര്‍ താരം എം എസ് ധോണിയായിരുന്നു

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ആവേശവിജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് മുംബൈയെ ചെന്നൈ തകര്‍ത്തെറിഞ്ഞത്. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടക്കുകയായിരുന്നു.

45 പന്തില്‍ പുറത്താകാതെ രണ്ട് ബൗണ്ടറിയും നാല് സിക്‌സും സഹിതം 65 റണ്‍സ് നേടിയ രച്ചിനാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്‌സര്‍ പറത്തി ഓപണര്‍ രച്ചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ വിജയ റണ്‍ കുറിച്ചത്. എന്നാല്‍ മത്സരത്തിന് ശേഷം രച്ചിനെതിരെ തിരിഞ്ഞിരിക്കുകയാണ് ധോണി ആരാധകര്‍.

ചെന്നൈയുടെ ഇതിഹാസതാരം എം എസ് ധോണിയെ ഫിനിഷ് ചെയ്യാന്‍ അനുവദിക്കാത്തതിനാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രച്ചിനെതിരെ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. 19.1-ാം ഓവറില്‍ രച്ചിന്‍ സിക്‌സടിച്ച് മത്സരം വിജയിപ്പിക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്കില്‍ സൂപ്പര്‍ താരം എം എസ് ധോണിയായിരുന്നു. 19-ാം ഓവറിലെ നാലാം പന്തില്‍ രവീന്ദ്ര ജഡേജ റണ്ണൗട്ടായതിന് ശേഷമാണ് ധോണി ക്രീസിലെത്തിയത്.

ധോണി ക്രീസിലെത്തിയതും ആരാധകര്‍ പതിവുപോലെ ആവേശത്തിലായി. വിജയത്തിന് ആവശ്യമായിരുന്ന നാല് റണ്‍സ് ധോണി ഒരു സിക്‌സോ ബൗണ്ടറിയോ നേടി മറികടക്കുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് പക്ഷേ നിരാശയാണ് ലഭിച്ചത്. രണ്ട് പന്തുകള്‍ നേരിട്ട ധോണി റണ്ണൊന്നുമെടുത്തില്ല. മാത്രവുമല്ല അടുത്ത ഓവറില്‍ സ്‌ട്രൈക്കിലെത്തിയ രച്ചിന്‍ കൂറ്റന്‍ സിക്‌സടിച്ച് ചെന്നൈയ്ക്ക് വിജയം സമ്മാനിക്കുകയും ചെയ്തു.

ഇതോടെ ധോണിയുടെ കിടിലന്‍ ഫിനിഷിങ് കാണാന്‍ കാത്തിരുന്ന ആരാധകര്‍ തങ്ങളുടെ നിരാശയെല്ലാം രച്ചിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ കമന്റ് ബോക്‌സില്‍ തീര്‍ക്കുകയായിരുന്നു. ഞങ്ങളുടെ ധോണി ഭായിക്ക് സ്‌ട്രൈക്ക് എന്തുകൊണ്ട് നല്‍കിയില്ലെന്നും ധോണിക്ക് ഫിനിഷിങ്ങിനുള്ള അവസരം നല്‍കാമായിരുന്നെല്ലാം ഫാന്‍സ് കമന്റിടുകയായിരുന്നു. എന്തായാലും 'ടോക്സിക്' ധോണി ഫാന്‍സിന്‍റെ കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുകയാണ്

Content Highlights: Toxic MS Dhoni Fans Abuse Rachin Ravindra After His Winning Runs Vs MI

dot image
To advertise here,contact us
dot image