'ലവ് യൂ പാജി!'; മത്സരശേഷം മെന്റര്‍ ശിഖര്‍ ധവാനെ വീഡിയോ കോള്‍ ചെയ്ത് അശുതോഷ്, വീഡിയോ പങ്കുവെച്ച് DC

മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം താന്‍ തന്റെ മെന്റര്‍ ശിഖര്‍ ധവാന് സമര്‍പ്പിക്കുന്നുവെന്ന് അശുതോഷ് പറഞ്ഞിരുന്നു

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ നിര്‍ണായക പ്രകടനത്തിന് പിന്നാലെ തന്റെ മെന്ററും മുന്‍ ഇന്ത്യന്‍ താരവുമായ ശിഖര്‍ ധവാനെ വീഡിയോ കോള്‍ ചെയ്ത് അശുതോഷ്. ലഖ്‌നൗവിനെതിരായ പോരാട്ടത്തില്‍ ഒരു വിക്കറ്റ് വിജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. തോല്‍വി മുന്നില്‍ കണ്ട ഡല്‍ഹി ക്യാപിറ്റല്‍സിനെ അശുതോഷിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

വെറും 31 പന്തില്‍ അഞ്ച് സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 66 റണ്‍സ് നേടിയ അശുതോഷാണ് സിക്‌സറടിച്ച് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും അശുതോഷിനെയായിരുന്നു. പിന്നാലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം താന്‍ തന്റെ മെന്റര്‍ ശിഖര്‍ ധവാന് സമര്‍പ്പിക്കുന്നുവെന്ന് അശുതോഷ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ധവാനെ വീഡിയോ കോള്‍ ചെയ്ത് അശുതോഷ് സന്തോഷം പങ്കുവെച്ചത്. ഡ്രസിങ് റൂമിലിരുന്ന് ധവാനെ വീഡിയോ കോള്‍ ചെയ്യുന്ന അശുതോഷിന്റെ വീഡിയോ ഡല്‍ഹി ക്യാപിറ്റല്‍സാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 'അശു-ഗബ്ബര്‍, ഒരു ദില്ലി ലവ് സ്റ്റോറി' എന്ന ക്യാപ്ഷനോടെയാണ് ക്യാപിറ്റല്‍സ് വീഡിയോ പോസ്റ്റ് ചെയ്തത്. 'അദ്ദേഹം വളരെ സന്തോഷവാനാണ്. ലവ് യൂ പാജി', അശുതോഷ് വീഡിയോയില്‍ പറയുകയും ചെയ്തു.

ശിഖര്‍ ധവാനും അശുതോഷും തമ്മില്‍ മികച്ച സൗഹൃദമാണുള്ളത്. 2024 ഐപിഎല്ലിന് മുന്‍പേ പഞ്ചാബ് കിംഗ്സിന്റെ പ്രീ-സീസണ്‍ ക്യാമ്പിലാണ് അശുതോഷ് ശര്‍മ്മ ആദ്യമായി ശിഖര്‍ ധവാനെ കാണുന്നത്. യുവതാരത്തിന്റെ പ്രകടനത്തില്‍ ആകൃഷ്ടനായ ധവാന്‍ അശുതോഷിന് തന്റെ ബാറ്റ് സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.

ഗുജറാത്തിനെതിരെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച അശുതോഷ് ആ ബാറ്റ് ഉപയോഗിച്ച് റെയില്‍വേസിനായി സെഞ്ച്വറി നേടിയ ധവാന് അവിസ്മരണീയ സമ്മാനമായിരുന്നു. 2024ലെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി കളിക്കുമ്പോള്‍ ടീം ക്യാപ്റ്റനായ ധവാനുമായി അശുതോഷ് മികച്ച സമയം ചെലവഴിക്കുകയും ചെയ്തതോടെ ആ ബന്ധം കൂടുതല്‍ ശക്തമായി.

Content Highlights: Ashutosh Sharma gets call from 'mentor' Shikhar Dhawan after special gesture

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us