വിജയം കൈവിട്ട് ലഖ്നൗ, പിന്നാലെ പന്തുമായി ഗോയങ്കയുടെ ചർച്ച; രാഹുലിന്‍റെ അവസ്ഥ ഓർമ വരുന്നെന്ന് ആരാധകർ

ലഖ്‌നൗവിന്റെ മുന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് നേരിട്ടത് പോലെയൊരു അപമാനം റിഷഭും നേരിടുമോയെന്നാണ് ആരാധകരുടെ ആശങ്ക

dot image

ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തന്നെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പരാജയം വഴങ്ങിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ആവേശവിജയമാണ് ഡല്‍ഹി പിടിച്ചെടുത്തത്. ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യം 19.3 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു.

ഡല്‍ഹിക്കെതിരെ ഒരുഘട്ടത്തില്‍ കൈയിലിരുന്ന മത്സരമാണ് റിഷഭ് പന്തും സംഘവും കൈവിട്ടത്. തോല്‍വി മുന്നില്‍ കണ്ട ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍പ്പന്‍ ഇന്നിങ്സ് കളിച്ചു അശുതോഷ് ശര്‍മ, അവിശ്വസനീയമായ വിധം വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്ന് പന്തുകള്‍ ശേഷിക്കെയാണ് ഡല്‍ഹി ഒറ്റ വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തത്.

തന്റെ മുന്‍ ടീമിനെതിരായ മത്സരത്തില്‍ റിഷഭിന്റെ ക്യാപ്റ്റന്‍സിയും പ്രകടനവും അത്ര മികച്ചതായിരുന്നില്ല. ബൗളിങ് റൊട്ടേഷനില്‍ ചില പിഴവുകള്‍ വരുത്തിയ പന്തിന് വിക്കറ്റിന് പിന്നിലും അബദ്ധങ്ങള്‍ സംഭവിച്ചു. മാത്രമല്ല ബാറ്റിങിലും ഡക്കായി റിഷഭ് ഫ്ളോപ്പായിരുന്നു.

ഡല്‍ഹിക്കെതിരായ പരാജയത്തിന് പിന്നാലെ ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിലെത്തി ക്യാപ്റ്റന്‍ റിഷഭ് പന്തുമായി സംസാരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ലഖ്‌നൗവിന്റെ മുന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് നേരിട്ടത് പോലെയൊരു അപമാനം റിഷഭും വൈകാതെ നേരിടുമോയെന്നാണ് ആരാധകര്‍ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയത്.

കഴിഞ്ഞ സീസണില്‍ ലഖ്‌നൗ ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുലിന് സഞ്ജീവ് ഗോയങ്കയില്‍ നിന്നും പരസ്യമായി ശകാരവും അപമാനവും നേരിടേണ്ടിവന്നിരുന്നത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലഖ്‌നൗ ദയനീയ പരാജയം വഴങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. മത്സരശേഷം ഗ്രൗണ്ടിലെത്തിപരസ്യമായി ശകാരിക്കുന്ന ഗോയങ്കയോട് കാര്യമായി പ്രതികരിക്കാതെ വിളറിയ മുഖവുമായി നില്‍ക്കുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് രാഹുല്‍ അടുത്ത സീസണില്‍ എല്‍എസ്ജി വിടുന്നത്. രാഹുലിന്റെ പകരക്കാരനായി 27 കോടി രൂപയെന്ന റെക്കോര്‍ഡ് തുക നല്‍കി ടീമിലെത്തിച്ച പന്തിനും ഇതേ അവസ്ഥ വരുമോയെന്നാണ് ആരാധകരുടെ ആശങ്ക.

Content Highlights: Rishabh Pant-Sanjiv Goenka Chat After LSG's Loss To DC Sparks Meme Fest

dot image
To advertise here,contact us
dot image