
ഇംഗ്ലണ്ടിനെതിരെ ജൂണിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുമ്പായി ഇന്ത്യയുടെ മുൻ നിര താരങ്ങൾ ഇന്ത്യ എ ടീമിൽ കളിച്ചേക്കും. ഇംഗ്ലണ്ട് ലയൺസിനെതിരെ മെയ് 30നും ജൂൺ ആറിനുമാണ് ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എ നാല് ദിവസം നീളുന്ന ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്. മെയ് 25ന് നടക്കുന്ന ഐപിഎൽ ഫൈനലിന് ശേഷം എത്ര താരങ്ങൾക്ക് ഇന്ത്യ എ ടീമിനൊപ്പം ചേരാനാകുമെന്നാണ് ഇനി അറിയേണ്ടത്. ജൂൺ 20 മുതലാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുക.
അതിനിടെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ കരുൺ നായരിന് ഇന്ത്യ എ ടീമിൽ ഇടം ലഭിക്കുമെന്നാണ് സൂചന. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിംഗ്സുകളിൽ നിന്നായി 779 റൺസാണ് കരുൺ അടിച്ചുകൂട്ടിയത്. അഞ്ച് സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. ടൂർണമെന്റിൽ രണ്ട് തവണ മാത്രമാണ് കരുണിനെ പുറത്താക്കാൻ എതിരാളികൾക്ക് സാധിച്ചത്.
രഞ്ജി ട്രോഫിയിലും കരുൺ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 16 ഇന്നിംഗ്സുകളിലായി കരുൺ 863 റൺസ് രഞ്ജി ട്രോഫിയിൽ അടിച്ചുകൂട്ടിയിരുന്നു. മൂന്ന് സെഞ്ച്വറികളടക്കമാണ് കരുണിന്റെ നേട്ടം. ഏകദേശം ഒമ്പത് വർഷത്തോളമായി ഇന്ത്യൻ ടീമിന് പുറത്താണ് കരുണിന്റെ സ്ഥാനം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഇന്ത്യ എയ്ക്കായി നടത്താൻ കഴിഞ്ഞാൽ ദേശീയ ടീമിലേക്കും കരുണിന് അധികം വൈകാതെ മടങ്ങിയെത്താം.
Content Highlights: Leading India Players Likely In 'A' Squad For England Lions