
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പ്രതീക്ഷ കൈവിടാതെ ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക. 'ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപാട് മികച്ച കാര്യങ്ങൾ മത്സരത്തിനിടയിൽ സംഭവിച്ചു. പവർപ്ലേയിൽ മികച്ച പ്രകടനമാണ് ലഖ്നൗ പുറത്തെടുത്തത്. ലഖ്നൗ ഒരു പുതിയ ടീമാണ്. അതുകൊണ്ട് പോസിറ്റീവായ കാര്യങ്ങൾ ചർച്ച ചെയ്യാം. മാർച്ച് 27ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് അടുത്ത മത്സരം. അന്ന് മികച്ച ഒരു റിസൾട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഡൽഹിക്കെതിരായ പരാജയം നിരാശപ്പെടുത്തുന്നതാണ്. എങ്കിലും ഇതൊരു മികച്ച ക്രിക്കറ്റ് മത്സരമാണ്.' സഞ്ജീവ് ഗോയങ്ക മത്സരശേഷം ടീം ഡ്രെസ്സിങ് റൂമിൽ പ്രതികരിച്ചു.
ലഖ്നൗവിനെതിരെ അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡൽഹി ക്യാപിറ്റൽസ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. നിക്കോളാസ് പുരാൻ 75 റൺസും മിച്ചൽ മാർഷ് 72 റൺസുമെടുത്തു. ഒരു ഘട്ടത്തിൽ ഒന്നിന് 133 എന്ന നിലയിൽ നിന്നായിരുന്നു ലഖ്നൗ 209 എന്ന സ്കോറിലേക്കൊതുങ്ങിയത്.
"𝐿𝑒𝑡'𝑠 𝑙𝑜𝑜𝑘 𝑎𝑡 𝑡ℎ𝑒 𝑝𝑜𝑠𝑖𝑡𝑖𝑣𝑒𝑠, 𝑎𝑛𝑑 𝑙𝑜𝑜𝑘 𝑓𝑜𝑟𝑤𝑎𝑟𝑑" 🙌 pic.twitter.com/AXE8XqiQCo
— Lucknow Super Giants (@LucknowIPL) March 25, 2025
മറുപടി ബാറ്റിങ്ങിൽ 19.3 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി. 31 പന്തിൽ പുറത്താകാതെ 66 റൺസെടുത്ത അശുതോഷ് ശർമയാണ് ഡൽഹിയുടെ വിജയശിൽപ്പി. എന്നാൽ ഒരു ഘട്ടത്തിൽ ഡൽഹി മൂന്നിന് 17 എന്ന നിലയിൽ തകർന്നിരുന്നു. അവിടെ നിന്നും ചെറിയ കൂട്ടുകെട്ടുകളും അശുതോഷിന്റെ പോരാട്ടവുമാണ് ഡൽഹിക്ക് വിജയം സമ്മാനിച്ചത്.
Content Highlights: Let's look at the positives says Sanjiv Goenka after DC defeat