
ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായത് മലയാളി സ്പിന്നർ വിഘ്നേഷായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം നടത്തിയ മലയാളി താരത്തെ ഗ്രൗണ്ടിൽ വെച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ തല ധോണി തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശേഷം മുംബൈ ഇന്ത്യൻസിന്റെ ടീം ഉടമ നിതാ അംബാനി ഡ്രസിങ് റൂമിലെത്തി ആദരവും അർപ്പിച്ചു. അപ്പോൾ മാത്രമാണ് സ്വന്തം നാട്ടുകാരും മലയാളികളും വരെ ആ പേര് കൂടുതലായി കേൾക്കുന്നതും താരത്തിന്റെ പിറകെ പോകുന്നതും.
ഓട്ടോക്കാരനായ പിതാവ് ഗൃഹനാഥനായിട്ടുള്ള മലപ്പുറത്തെ വളരെ സാധാരണ കുടുംബത്തിൽ നിന്നുള്ള ഒരാളാണ് വിഘ്‌നേഷ്. കഷ്ടതകളും വെല്ലുവിളികളും താണ്ടിയായിരുന്നു താരത്തിന്റെ ഈ സ്പോർട്സ് യാത്ര. വിഘ്‌നേഷിനെ ആദ്യ കാലങ്ങളിൽ ക്രിക്കറ്റിലേക്ക് കൈപിടിച്ച് ഉയർത്തിയത് ഷെരീഫ് എന്ന ഒരു മതപുരോഹിതനായിരുന്നു. ഒന്നാന്തരം ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്ന ഷെരീഫാണ് വിഘ്‌നേഷിന്റെ കഴിവ് തിരിച്ചറിയുന്നതും തന്റെ കൂടെ ക്യാംപിലേക്ക് കൊണ്ടുപോകുന്നതും.
പ്രിയപ്പെട്ട തൻറെ കണ്ണനൊപ്പമുള്ള ( വിഘ്‌നേഷ്) അനുഭവം പങ്കുവെക്കുകയാണ് ഷെരീഫ് ഇവിടെ, നാട്ടിൻപുറത്തെ കളിക്ക് പുറമെ ഒഴിവ് സമയത്ത് റോഡിൽ താനും വിഘ്‌നേഷും റോഡിൽ സ്റ്റിച്ച് വെച്ച് എറിഞ്ഞുകളിക്കാറുണ്ടായിരുന്നുവെന്നും മീഡിയം പേസറായിരുന്ന അവനോട് ഇടത് കൈ കൊണ്ട് ലെഗ്സിപിൻ പറഞ്ഞത് താനാണെന്നും ഷെരീഫ് പറഞ്ഞു. എന്നാൽ ഇതെല്ലാം പറയുമ്പോഴും ഇത് വിഘ്‌നേഷിന്റെ ക്രെഡിറ്റ് മാത്രമാണെന്നും ഞാൻ ഒരു വഴി ഉപദേശിക്കുക മാത്രമാണ് ഉണ്ടായതെന്നും ഷെരീഫ് പറയുന്നുണ്ടായിരുന്നു. ഞാൻ അണ്ടർ 19 ജില്ല തലം വരെ കളിച്ചു. പിന്നീട് മതപഠനവുമൊക്കെയായി കരിയർ മാറി. കണ്ണൻ നല്ല ടാലന്റ് ഉള്ളത് കൊണ്ട് ട്രാക്കിലേക്ക് കയറി, സന്തോഷത്തോടെ ഷെരീഫ് പറഞ്ഞു.
അതേ സമയം റമദാൻ തിരക്കുകൾ കാരണം ഉറ്റ സുഹൃത്തിന്റെ ഐപിഎല്ലിലെ മിന്നൽ അരങ്ങേറ്റം കാണാൻ ഷെരീഫിന് സാധിച്ചിരുന്നില്ല. അനുഷ്ഠാന തിരക്കുകൾ കഴിഞ്ഞാൽ ഉടൻ കളികാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഷെരീഫ് പറഞ്ഞു.
മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റമാണ് നടത്തിയത്. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.
സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഘ്‌നേഷിന്റെ പേര് ഉയർന്നത്.
കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഘ്‌നേഷിനെ മുംബൈ ട്രയൽസിനും ക്ഷണിച്ചിരുന്നു. ഏതായാലും അരങ്ങേറ്റ മത്സരത്തിൽ നടത്തിയ ഗംഭീര പ്രകടനത്തിൽ വലിയ പ്രശംസയാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടായത്. താരത്തിന്റെ മറ്റൊരു മിന്നും പ്രകടനത്തിനുള്ള കാത്തിരിപ്പിൽ കൂടിയാണ് ആരാധകർ.
Content Highlights: shareef usthad who found Vignesh's talent