
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് ആവേശ ജയം. 11 റൺസിന്റെ വിജയമാണ് പഞ്ചാബ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
നേരത്തെ ടോസ് നേടിയ ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റക്കാരൻ പ്രിയാൻഷ് ആര്യയുടെ പ്രകടനമാണ് പഞ്ചാബിന് മികച്ച തുടക്കം നൽകിയത്. 23 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും സഹിതം പ്രിയാൻഷ് 47 റൺസെടുത്തു. പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ നടത്തിയ വെടിക്കെട്ട് പഞ്ചാബിനെ മികച്ച സ്കോറിലേക്കെത്തിച്ചു. 42 പന്തിൽ അഞ്ച് ഫോറും ഒമ്പത് സിക്സറും സഹിതം ശ്രേയസ് അയ്യർ 97 റൺസുമായി പുറത്താകാതെ നിന്നു. ഗ്ലെൻ മാക്സ്‍വെല്ലിന് പുതിയ ഫ്രാഞ്ചൈസിലും മോശം തുടക്കമാണ് ലഭിച്ചത്. സംപൂജ്യനായി മാക്സ്‍വെൽ പുറത്തായി. ശശാങ്ക് സിങ്ങിന്റെ ഗസ്റ്റ് റോളും പഞ്ചാബ് സ്കോറിങ്ങിൽ നിർണായകമായി. 16 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും സഹിതം 44 റൺസെടുത്ത് പുറത്താകാതെ നിന്നു.
അവസാന ഓവറിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 22 റൺസാണ് ശശാങ്ക് അടിച്ചെടുത്തത്. റൺസ് ഉയർത്തുക എന്ന ഉദ്ദേശത്തിൽ ശശാങ്ക് ബാറ്റ് ചെയ്തതിനാൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരിന് സെഞ്ച്വറി നേട്ടത്തിലേക്ക് എത്തിച്ചേരാനായില്ല. ഗുജറാത്ത് ടൈറ്റൻസിനായി സായി കിഷോർ മൂന്ന് വിക്കറ്റെടുത്തു. റാഷിദ് ഖാനും കഗീസോ റബാദയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സായി കിഷോറും മികച്ച തുടക്കമാണ് നൽകിയത്. 14 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സറും സഹിതം ഗിൽ 33 റൺസെടുത്തു. 41 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം 74 റൺസെടുത്ത സായി സുദർശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്കോറർ. ജോസ് ബട്ലർ 54 റൺസും ഷെർഫേൻ റൂഥർഫോർഡ് 46 റൺസുമെടുത്തു. എന്നാൽ അവസാന ഓവറുകളിൽ വിജയത്തിലേക്കെത്താൻ ഗുജറാത്തിന് കഴിഞ്ഞില്ല.
Content Highlights: Shreyas Iyer's Punjab Kings made a winning start in IPL 2025