'ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കാനാണ് ക്യാപ്റ്റൻ നൽകിയ നിർദ്ദേശം': ശശാങ്ക് സിങ്

'എനിക്ക് ടീം മാനേജ്മെന്റ് നൽകിയ പിന്തുണയും വലുതാണ്. എന്റേതായ രീതിയിൽ കളിക്കാൻ ടീം അനുവദിച്ചു'

dot image

ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പ്രകടനത്തിൽ സന്തോഷവാനാണെന്ന് പഞ്ചാബ് കിങ്സ് താരം ശശാങ്ക് സിങ്. 'എന്റേത് മികച്ചൊരു ​ഗസ്റ്റ് റോൾ ആയിരുന്നു. ശ്രേയസ് അയ്യർ ബാറ്റ് ചെയ്യുന്നത് ഡ​ഗ് ഔട്ടിൽ ഇരുന്ന് കാണുന്നത് രസകരമായിരുന്നു. ഞാൻ ക്രീസിലെത്തിയപ്പോൾ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കാനായിരുന്നു ശ്രേയസിന്റെ നിർദ്ദേശം. അവസാന ഓവറിന് മുമ്പും ഇത് തന്നെയായിരുന്നു ക്യാപ്റ്റന്റെ നിർദ്ദേശം. അതുകൊണ്ട് ബൗണ്ടറികൾ നേടാൻ ഞാൻ ശ്രമിച്ചു. എനിക്ക് ടീം മാനേജ്മെന്റ് നൽകിയ പിന്തുണയും വലുതാണ്. എന്റേതായ രീതിയിൽ കളിക്കാൻ ടീം അനുവദിച്ചു. ചില ഷോട്ടുകൾ എനിക്ക് നന്നായി കളിക്കാൻ കഴിയും. മറ്റ് ചില ഷോട്ടുകൾ എനിക്ക് കളിക്കാൻ ബുദ്ധിമുട്ടാണ്. എന്റെ കരുത്ത് എനിക്കറിയാം.' ശശാങ്ക് ആദ്യ ഇന്നിം​ഗ്സിന് ശേഷം പ്രതികരിച്ചു.

നേരത്തെ ടോസ് നേടിയ ​ഗുജറാത്ത് നായകൻ ശുഭ്മൻ ​ഗിൽ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തിട്ടുണ്ട്. പുറത്താകാതെ 97 റൺസെടുത്ത ശ്രേയസ് അയ്യരിന്റെയും 44 റൺസ് സംഭവാന ചെയ്ത ശശാങ്ക് സിങ്ങിന്റെയും ഐപിഎൽ അരങ്ങേറ്റത്തിൽ 47 റൺസെടുത്ത പ്രിയാൻഷ് ആര്യയുടെയും പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്.

23 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും സഹിതം പ്രിയാൻഷ് ആര്യ 47 റൺസെടുത്തു. 42 പന്തിൽ അഞ്ച് ഫോറും ഒമ്പത് സിക്സറും സഹിതം ശ്രേയസ് അയ്യർ 97 റൺസുമായി പുറത്താകാതെ നിന്നു. ​ഗ്ലെൻ മാക്സ്‍വെല്ലിന് പുതിയ ഫ്രാഞ്ചൈസിലും മോശം തുടക്കമാണ് ലഭിച്ചത്. സംപൂജ്യനായി മാക്സ്‍വെൽ പുറത്തായി. 16 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും സഹിതം 44 റൺസെടുത്ത ശശാങ്ക് പുറത്താകാതെ നിന്നു.

അവസാന ഓവറിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 22 റൺസാണ് ശശാങ്ക് അടിച്ചെടുത്തത്. റൺസ് ഉയർത്തു​ക എന്ന ഉദ്ദേശത്തിൽ ശശാങ്ക് ബാറ്റ് ചെയ്തതിനാൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരിന് സെഞ്ച്വറി നേട്ടത്തിലേക്ക് എത്തിച്ചേരാനായില്ല. ​ഗുജറാത്ത് ടൈറ്റൻസിനായി സായി കിഷോർ മൂന്ന് വിക്കറ്റെടുത്തു. റാഷിദ് ഖാനും ക​ഗീസോ റബാദയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Content Highlights: Shreyas told me to go for it from ball one says Shashank Singh

dot image
To advertise here,contact us
dot image