
രാജസ്ഥാൻ റോയൽസ് ഐപിഎൽ 2025 ലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ പൂർണ്ണമായും പരിക്കിൽ നിന്നും മോചിതനാകാതെയാണ് മലയാളി താരം സഞ്ജു സാംസൺ എത്തിയിരുന്നത്. വിക്കറ്റ് കീപ്പർ റോളിൽ ഇല്ലാതെ ക്യാപ്റ്റൻ സ്ഥാനം റിയാൻ പരാഗിനെ ഏൽപ്പിച്ച് ഇമ്പാക്ട് പ്ലെയർ ആയിട്ടാണ് സഞ്ജുവെത്തിയത്. എന്നിട്ടും താരം മിന്നും പ്രകടനമാണ് നടത്തിയത്.
37 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കം 66 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. ധ്രുവ് ജൂറലിനൊത്ത് 100 റൺസിന്റെ പാർട്ണർഷിപ്പും താരം നേടിയെടുത്തു. IPL ൽ 4000 റൺസ് എന്ന നാഴിക കല്ലും താരം പൂർത്തിയാക്കി. 142 ഇന്നിങ്സിൽ നിന്നായിരുന്നു ഈ നേട്ടം.
പക്ഷെ മത്സരം രാജസ്ഥാൻ സൺ റൈസേഴ്സ് ഹൈദരാബാദിനോട് 44 റൺസിന് തോറ്റു. ഇഷാൻ കിഷന്റെ വെടിക്കെട്ട് സെഞ്ച്വറി പ്രകടനമാണ് എസ് ആർ എച്ചിന് തുണയായത്. അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്‌ഡി, ക്ലാസൻ എന്നിവരും മിന്നും പ്രകടനം നടത്തി. 20, 34 , 30 എന്നിങ്ങനെയാണ് യഥാക്രമം ഈ താരങ്ങൾ നേടിയത്.
ഏതായാലും രാജസ്ഥാൻ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. ഇത്തവണയും ഇമ്പാക്ട് റോളിലാണ് താരമെത്തുക. രാജസ്ഥാന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ പരാഗ് ആവും ടീമിനെ നയിക്കുക എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് രാജസ്ഥാൻ നേരിടുന്നത്. ആർസിബിബിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ കൊൽക്കത്തയും തോറ്റിരുന്നു.
Content Highlights: Need to shine; need to win the game; Sanju and Rajasthan face Kolkata in IPL today