
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിൽ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ.
'മത്സരത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. ടൂർണമെന്റിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 15 ഓവറിന് ശേഷം ഒരു വൈശാഖ് വിജയകുമാർ ഇംപാക്ട് പ്ലെയറായി വന്ന് യോർക്കറുകൾ എറിയുന്നു. അത് നേരിടുക ബുദ്ധിമുട്ടാണ്. ഗുജറാത്ത് നന്നായി ബാറ്റ് ചെയ്തപ്പോൾ മികച്ച രീതിയിൽ യോർക്കറുകൾ എറിഞ്ഞത് എതിരാളികൾക്ക് ഗുണമായി. അഹമ്മദാബാദിലേത് ഒരു മികച്ച ബാറ്റിങ് വിക്കറ്റാണ്. 240-250 റൺസ് എളുപ്പത്തിൽ സ്കോർ ചെയ്യാം.' ശുഭ്മൻ ഗിൽ മത്സരശേഷം പ്രതികരിച്ചു.
'മത്സരത്തിൽ വിജയിക്കാനുള്ള അവസരങ്ങൾ ഗുജറാത്തിന് ഉണ്ടായിരുന്നു. ബൗളിങ്ങിൽ ഒരുപാട് റൺസ് ഗുജറാത്ത് വിട്ടുനൽകി. എന്നാൽ ബാറ്റിങ്ങിൽ തുടക്കത്തിലെയും ഇന്നിംഗ്സിന്റെ മധ്യഭാഗത്തും മൂന്ന് ഓവറുകൾ വീതമാണ് ഗുജറാത്തിന് മത്സരം നഷ്ടമാക്കിയത്. ആദ്യ മൂന്ന് ഓവറിൽ നന്നായി റൺസെടുക്കാൻ കഴിഞ്ഞില്ല. അതുപോലെ മധ്യഭാഗത്ത് മൂന്ന് ഓവറിൽ 18 റൺസ് മാത്രമാണ് ഗുജറാത്ത് നേടിയത്. അത് മത്സരം പരാജയപ്പെടാൻ കാരണമായി.' ശുഭ്മൻ ഗിൽ വ്യക്തമാക്കി.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് ആവേശ ജയം. 11 റൺസിന്റെ വിജയമാണ് പഞ്ചാബ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
നേരത്തെ ടോസ് നേടിയ ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റക്കാരൻ പ്രിയാൻഷ് ആര്യയുടെ പ്രകടനമാണ് പഞ്ചാബിന് മികച്ച തുടക്കം നൽകിയത്. 23 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും സഹിതം പ്രിയാൻഷ് 47 റൺസെടുത്തു. പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ നടത്തിയ വെടിക്കെട്ട് പഞ്ചാബിനെ മികച്ച സ്കോറിലേക്കെത്തിച്ചു. 42 പന്തിൽ അഞ്ച് ഫോറും ഒമ്പത് സിക്സറും സഹിതം ശ്രേയസ് അയ്യർ 97 റൺസുമായി പുറത്താകാതെ നിന്നു. ഗ്ലെൻ മാക്സ്‍വെല്ലിന് പുതിയ ഫ്രാഞ്ചൈസിലും മോശം തുടക്കമാണ് ലഭിച്ചത്. സംപൂജ്യനായി മാക്സ്‍വെൽ പുറത്തായി. ശശാങ്ക് സിങ്ങിന്റെ ഗസ്റ്റ് റോളും പഞ്ചാബ് സ്കോറിങ്ങിൽ നിർണായകമായി. 16 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും സഹിതം 44 റൺസെടുത്ത് പുറത്താകാതെ നിന്നു.
അവസാന ഓവറിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 22 റൺസാണ് ശശാങ്ക് അടിച്ചെടുത്തത്. റൺസ് ഉയർത്തുക എന്ന ഉദ്ദേശത്തിൽ ശശാങ്ക് ബാറ്റ് ചെയ്തതിനാൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരിന് സെഞ്ച്വറി നേട്ടത്തിലേക്ക് എത്തിച്ചേരാനായില്ല. ഗുജറാത്ത് ടൈറ്റൻസിനായി സായി കിഷോർ മൂന്ന് വിക്കറ്റെടുത്തു. റാഷിദ് ഖാനും കഗീസോ റബാദയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സായി കിഷോറും മികച്ച തുടക്കമാണ് നൽകിയത്. 14 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സറും സഹിതം ഗിൽ 33 റൺസെടുത്തു. 41 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം 74 റൺസെടുത്ത സായി സുദർശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്കോറർ. ജോസ് ബട്ലർ 54 റൺസും ഷെർഫേൻ റൂഥർഫോർഡ് 46 റൺസുമെടുത്തു. എന്നാൽ അവസാന ഓവറുകളിൽ വിജയത്തിലേക്കെത്താൻ ഗുജറാത്തിന് കഴിഞ്ഞില്ല.
Content Highlights: Never easy for someone to come in as an Impact player and bowl those yorkers says Shubman Gill