'അന്ന് രാജസ്ഥാനെ ഇനി നയിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു, പക്ഷേ..'; ക്യാപ്റ്റന്‍സിയെ കുറിച്ച് സഞ്ജു സാംസണ്‍

2021 മുതൽ രാജസ്ഥാന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ

dot image

രാജസ്ഥാൻ റോയൽസിനൊപ്പം തന്റെ ക്യാപ്റ്റൻസിയുടെ ഭാവി എന്താകുമെന്ന് തുറന്നുപറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. 2022 ഐപിഎൽ സീസണിൽ രാജസ്ഥാനെ ഫൈനലിൽ എത്തിച്ചതിന് ശേഷം ഇനി ടീമിന്റെ ക്യാപ്റ്റനായി തുടരില്ലെന്ന് താൻ ചിന്തിച്ചിരുന്നുവെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു മലയാളി വിക്കറ്റ് കീപ്പർ ബാറ്ററുടെ പ്രതികരണം.

'രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായതിന് രണ്ട് വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു കാര്യം ചിന്തിച്ചിരുന്നു. ആ സമയങ്ങളിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ഇനി തുടരാൻ ഞാനില്ലെന്ന് താൻ ഉറപ്പിച്ചിരുന്നു. ടീമിനെ പരിപാലിക്കുന്ന പുതിയ ഒരാൾ ടീമിന്റെ ക്യാപ്റ്റനായി എത്തണമെന്നും കരുതി', സഞ്ജു സാംസൺ പറഞ്ഞു.

2021 മുതൽ രാജസ്ഥാന്റെ ക്യാപ്റ്റനാണ് മലയാളി താരം സഞ്ജു സാംസൺ. 2022 സീസണിൽ രാജസ്ഥാനെ ഐപിഎൽ ഫൈനലിലേക്ക് നയിച്ചത് സഞ്ജുവാണ്. 2025 പതിപ്പിലും അദ്ദേഹം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ്. പക്ഷേ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിക്കുന്നില്ല.

ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ മൂന്ന് മത്സരത്തിൽ സഞ്ജുവിന് പകരം രാജസ്ഥാനെ റിയാൻ പരാഗ് ആണ് നയിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്ററായി മാത്രമാണ് സഞ്ജു കളിക്കുക. ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ സംഭവിച്ച പരുക്കിന്‌ ശേഷം സഞ്ജു പൂർണമായും ഫിറ്റ്നസ് നേടിയിരുന്നില്ല. ഇതോടെയാണ് താരം ആദ്യ മൂന്ന് മത്സരത്തിൽ ഇംപാക്ട് പ്ലെയറായി മാത്രം കളത്തിലിറങ്ങുന്നത്.

റിയാന്‍ പരാഗിന്‍റെ കീഴില്‍ ഇറങ്ങിയ സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍സ് സണ്‍റൈസേഴ്സിനെതിരെ പരാജയം വഴങ്ങിയിരുന്നു. അതേസമയം സീസണിലെ ആദ്യ വിജയം തേടി രാജസ്ഥാന്‍ ഇന്ന് നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇറങ്ങുകയാണ്. ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് പോരാട്ടം.

Content Highlights: 'Not Going To Be Captain' Sanju Samson Reveals His Rajasthan Royals Captaincy Future

dot image
To advertise here,contact us
dot image