
ഐപിഎല്ലിലെ ഇന്നലത്തെ ഗുജറാത്ത് ടൈറ്റൻസിനെതിരായ ആവേശ മത്സരത്തിനൊടുവിൽ പഞ്ചാബ് കിങ്സ് ജയിച്ചുകയറുമ്പോൾ ഏറ്റവും കൂടുതൽ കയ്യടി ലഭിച്ചത് ശ്രേയസ് അയ്യർക്കാണ്. ടീമിന്റെ വിജയത്തിനായി സ്വന്തം സെഞ്ച്വറി പോലും വേണ്ടെന്ന് വെച്ചതിനാണ് അയ്യർക്ക് ആരാധകർ ഇപ്പോൾ കയ്യടി നൽകുന്നത്. പഞ്ചാബിൻെറ ക്യാപ്റ്റനായുള്ള അരങ്ങേറ്റ സീസണിൽ തന്നെ തന്റെ കന്നി ഐപിഎൽ സെഞ്ച്വറി നേടാനുള്ള സുവർണാവസരമായിരുന്നു അയ്യർക്കുണ്ടായിരുന്നത്.
പഞ്ചാബ് ഇന്നിങ്സിന്റെ 19 -ാം ഓവറിലെ അവസാന പന്തിൽ നോൺ സ്‌ട്രൈക്കിലായിരുന്നു അയ്യർ. ശശാങ്ക് സിങ് അടിച്ച പന്തിന് അപ്പോൾ സിംഗിൾ ഓടാൻ അയ്യർ തീരുമാനിച്ചത് മുതൽ തുടങ്ങുന്നു അയ്യരുടെ നിസ്വാർത്ഥത. ശേഷം 42 പന്തിൽ 97 റൺസുമായി സെഞ്ച്വറിക്ക് മൂന്ന് റൺസ് മാത്രം അകലെയുള്ള അയ്യർ സ്ട്രൈക്കിലുണ്ടായിരുന്ന ശശാങ്ക് സിങ്ങിനോട് ശ്രേയസ് സിംഗിളിനായി ശ്രമിക്കരുതെന്നു പറയുന്നു. മറിച്ച് ആദ്യ പന്തു മുതൽ ആക്രമിച്ചു കളിക്കണമെന്നും പരമാവധി റൺ കണ്ടെത്തണമെന്നും നിർദേശിക്കുന്നു. പലരും സെഞ്ച്വറിക്കായി അടിയന്തര ഘട്ടങ്ങളിൽ പോലും ടീമിനെ മറന്ന് കളിക്കുന്ന ഉദാഹരണങ്ങൾ നമുക്ക് മുന്നിലുള്ളപ്പോഴയിരുന്നു ശ്രേയസിന്റെ ഈ തീരുമാനം.
ക്യാപ്റ്റൻ നൽകിയ നിർദേശം അനുസരിച്ച ശശാങ്ക് അവസാന ഓവറിൽ 5 ഫോറും ഒരു ഡബിളും അടക്കം നേടിയത് 23 റൺസായിരുന്നു. ഇതിൽ രണ്ടാം പന്തിൽ ഡബിളിനു പകരം സിംഗിൾ ഓടി സ്ട്രൈക്ക് കൈമാറാൻ അവസരമുണ്ടായിട്ടും ശ്രേയസ് ഡബിൾ പൂർത്തിയാക്കി ശശാങ്കിനു തന്നെ സ്ട്രൈക്ക് നൽകി. അവസാന ഓവറിൽ 23 കൂടി കൂടിയപ്പോഴാണ് പഞ്ചാബ് സ്കോർ 243ൽ എത്തിയത്. പഞ്ചാബിന്റെ വിജയം 11 റൺസിന് മാത്രമായിരുന്നു എന്ന റിയുമ്പോഴാണ് അവസാന ഓവറിൽ ശശാങ്ക് നേടിയ 23 റൺസിന്റെയും ശ്രേയസിന്റെ നിസ്വാർത്ഥതയുടെയും മൂല്യം മനസ്സിലാകുക.
Content Highlights: shreyas iyer selfless paly for punjab kings