
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ്. '170 റൺസായിരുന്നു രാജസ്ഥാൻ ലക്ഷ്യമിട്ടിരുന്നത്. 20 റൺസ് കുറവാണ് ടീം സ്കോർ ചെയ്തത്. ബൗളിങ്ങിൽ ക്വിന്റൺ ഡികോക്കിന്റെ വിക്കറ്റ് ആദ്യം തന്നെ എടുക്കണമായിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. ഡികോക്ക് മികച്ച രീതിയിൽ കളിച്ചു. മികച്ച ഇന്നിംഗ്സിന് ഡികോക്ക് അഭിനന്ദനം അർഹിക്കുന്നു.' മത്സരശേഷം റിയാൻ പരാഗ് പ്രതികരിച്ചു.
മൂന്നാം നമ്പറിൽ ബാറ്റിങ്ങിനെത്തുന്നതിനെക്കുറിച്ചും പരാഗ് പ്രതികരിച്ചു. 'കഴിഞ്ഞ സീസണിൽ ഞാൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് രാജസ്ഥാൻ ടീം ആവശ്യപ്പെട്ടത്. ഈ സീസണിൽ എന്നെ മൂന്നാം നമ്പറിൽ ഇറക്കാൻ തീരുമാനിച്ചു. അതിൽ ഞാൻ സന്തോഷവാനാണ്. ടീം ആവശ്യപ്പെടുന്നത് ഞാൻ ചെയ്യും.' റിയാൻ പരാഗ് വ്യക്തമാക്കി.
'കഴിഞ്ഞ സീസണിനെ വെച്ച് നോക്കുമ്പോൾ രാജസ്ഥാൻ റോയൽസ് യുവനിരയാണ്. മത്സരങ്ങൾ ഫലങ്ങൾ അനുകൂലമാകാൻ സമയമെടുക്കും. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനാണ് ടീമിന്റെ ശ്രമം. ചെന്നൈയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ രാജസ്ഥാൻ ശ്രമിക്കും.' പരാഗ് കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിന്റെ പരാജയമാണ് രാജസ്ഥാൻ റോയൽസ് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി. 61 പന്തിൽ എട്ട് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 97 റൺസെടുത്ത ക്വിന്റൺ ഡി കോക്കാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്.
Content Highlights: Happy to bat wherever team wants, RR fell short by 20 runs says Riyan Parag