
പാകിസ്താൻ ക്രിക്കറ്റ് ടീം നായകനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനെപ്പോലാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യൻ യുവവിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. ഇന്ത്യൻ അംപയർ അനിൽ ചൗധരിയുമായുള്ള ഒരു സംഭാഷണത്തിനിടെയാണ് കിഷൻ തന്റെ നയം വ്യക്തമാക്കിയത്. 'ഇഷാൻ, താങ്കൾ മുമ്പ് ഔട്ടിനായി നിരന്തരം അപ്പീൽ ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ താങ്കൾ പക്വത പ്രാപിച്ചിരിക്കുന്നു. ആവശ്യമുള്ള സന്ദർഭങ്ങളിൽ മാത്രമാണ് താങ്കൾ അപ്പീൽ ചെയ്യുന്നത്.' എങ്ങനെയാണ് ഈ മാറ്റം ഉണ്ടായതെന്നാണ് അനിൽ ചൗധരി ഇഷാൻ കിഷനോട് ചോദിച്ചു.
ഇതിന് മറുപടിയായി അംപയർമാർ വളരെ സ്മാർട്ടാണ് എന്നായിരുന്നു കിഷൻ പറഞ്ഞത്. 'തുടർച്ചയായി അപ്പീൽ ചെയ്താൽ ചിലപ്പോൾ ഇത് അനാവശ്യ അപ്പീലാണെന്ന് കരുതി അംപയർമാർ ഔട്ടാണെങ്കിലും നോട്ടൗട്ട് വിളിച്ചേക്കും. പകരമായി ഔട്ടെന്ന് ഉറപ്പുള്ള സാഹചര്യങ്ങളിൽ അപ്പീൽ ചെയ്താൽ അംപയർമാർ ഇവൻ അനാവശ്യമായി അപ്പീൽ ചെയ്യുന്നവനല്ലെന്ന് മനസിലാക്കും. അത് കൃത്യമായ തീരുമാനം എടുക്കാൻ അംപയർമാർക്കും സഹായമാണ്' ഇഷാൻ കിഷൻ മറുപടി നൽകി.
പാകിസ്താൻ ക്രിക്കറ്റ് ടീം നായകനും വിക്കറ്റ് കീപ്പറുമായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാന്റെ കാര്യം ഇഷാൻ കിഷൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 'റിസ്വാനെപ്പോലെ എപ്പോഴും അപ്പീൽ ചെയ്തെന്ന് കരുതി അംപയർമാരുടെ തീരുമാനം അനുകൂലമാകില്ല. അദ്ദേഹത്തെ പോലെയൊരു വിക്കറ്റ് കീപ്പറാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,' ഇഷാൻ കിഷൻ വ്യക്തമാക്കി.
വിക്കറ്റിന് പിന്നിൽ അമിത ആവേശം കാട്ടുന്നതിൽ നിരവധി വിമർശനങ്ങൾ കേട്ട താരമാണ് പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ. അനാവശ്യമായ അപ്പീലിലൂടെ അംപയർമാരെയും എതിർടീമിന്റെ ബാറ്റർമാരെയും അലോസരപ്പെടുത്തുന്നു എന്നാണ് റിസ്വാൻ നേരിട്ട വിമർശനം. മികച്ച വിക്കറ്റ് കീപ്പര്‍മാര്‍ ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹത്തെ ഉദാഹരണമാക്കി പലരും ചൂണ്ടിക്കാണിക്കാറുണ്ട്.
Content Highlights: Ishan Kishan takes a swipe at Pakistan captain Mohammad Rizwan