
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയശിൽപ്പിയായ ക്വിന്റൺ ഡി കോക്ക് അടിച്ചെടുത്തത് ചരിത്രം. ഐപിഎൽ റൺചെയ്സിങ്ങിൽ കൊൽക്കത്തയ്ക്കായി ഏറ്റവും ഉയർന്ന സ്കോർ നേടിയ റെക്കോർഡ് ഇനി ഡി കോക്കിന്റെ പേരിലാണ്. രാജസ്ഥാൻ റോയൽസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഡികോക്ക് പുറത്താകാതെ 97 റൺസാണ് അടിച്ചെടുത്തത്. 2014ലെ ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സിനെതിരെ 94 റൺസ് നേടിയ മനീഷ് പാണ്ഡെയുടെ റെക്കോർഡാണ് ഡികോക്ക് തിരുത്തിക്കുറിച്ചത്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. 33 റൺസെടുത്ത ധ്രുവ് ജുറേലാണ് രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വരുൺ ചക്രവർത്തി, മൊയീൻ അലി, വൈഭവ് അറോറ, ഹർഷിത് റാണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 17.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി. 61 പന്തിൽ എട്ട് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 97 റൺസെടുത്ത ക്വിന്റൺ ഡി കോക്കാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്. സീസണിൽ കൊൽക്കത്തയുടെ ആദ്യ വിജയവും രാജസ്ഥാന്റെ രണ്ടാം തോൽവിയുമാണ്.
Content Highlights: Quinton de Kock holds Highest individual scores for KKR in run-chases