
ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് ഞെട്ടിക്കുന്ന ഉത്തരം നൽകി യുവരാജ് സിങിന്റെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്‌രാജ് സിങ്. തരുവാർ കോഹ്‌ലിയുമൊത്തുള്ള 'ഫൈൻഡ് എ വേ' എന്ന പോഡ്‌കാസ്റ്റിലായിരുന്നു മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം പങ്കുവെച്ചത്.
ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായാൽ രോഹിത് ശർമയുടെ ഫിറ്റ്നസ് നിലനിർത്താൻ അദ്ദേഹത്തോട് ദിവസവും 20 കിലോമീറ്റർ ഓടാൻ പറയുമെന്ന് യോഗ്‌രാജ് സിങ് പറഞ്ഞു. രോഹിത്തും വിരാട് കോഹ്‌ലിയും പിന്നീട് വീണുകിട്ടാത്തയത്ര പ്രതിഭയുള്ളവരാണെന്നും അവരെ ഒരുപാട് കാലം ഇന്ത്യൻ ടീമിന് വേണ്ടി ഉപയോഗിക്കാൻ കഴിയുമെന്നും യോഗ്‌രാജ് സിങ് പറഞ്ഞു.
നേരത്തെ ഇതേ പോഡ്കാസ്റ്റിൽ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ ആറുമാസം കൊണ്ട് ലോകോത്തര ബാറ്ററാക്കി മാറ്റുമെന്ന് യോഗ്‌രാജ് സിങ് അഭിപ്രായപ്പെട്ടിരുന്നു. അർജുനെ ആറു മാസം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച ബാറ്ററാക്കി മാറ്റാൻ സാധിക്കും, ബാറ്റിങ്ങിൽ അവന്റെ കഴിവ് എത്രത്തോളമാണെന്ന് എനിക്ക് മാത്രമേ അറിയൂ, അവൻ മുമ്പ് എന്റെ കൂടെ പരിശീലിച്ചിരുന്നു, അതിന് ശേഷം അവൻ രഞ്ജിയിൽ സെഞ്ച്വറി അടിച്ചു, ഈ മാറ്റം ഇനിയുമുണ്ടാകും, യോഗ്‌രാജ് സിങ് പറഞ്ഞു.
Content Highlights: Make Rohit Sharma run 20 kms everyday': Yograj Singh