
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയശിൽപ്പിയായതിന് പിന്നാലെ പ്രതികരണവുമായി ക്വിന്റൺ ഡി കോക്ക്. ലഭിച്ച അവസരം നന്നായി ഉപയോഗിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താൻ വിരമിച്ചെങ്കിലും കളിക്കളത്തിൽ അതിന്റെ വെല്ലുവിളികൾ നേരിടേണ്ടി വന്നില്ല. മൂന്ന് മാസത്തോളം കളത്തിന് പുറത്തായിരുന്നു. 10 ദിവസമാണ് പരിശീലനം നടത്തിയത്. ഈഡൻ ഗാർഡനിൽ രണ്ടാമത്തെ മാത്രം മത്സരമാണ്. ആദ്യം ബാറ്റ് ചെയ്തപ്പോൾ വിക്കറ്റ് എങ്ങനെയെന്ന് മനസിലാക്കി. പിന്നാലെ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്തു. ഐപിഎൽ എന്നാൽ സിക്സറുകളും വലിയ സ്കോറുകൾ പിറക്കുന്ന വേദിയാണ്. എന്നാൽ രാജസ്ഥാനെതിരെ മത്സരം വിജയിക്കാനുള്ള രീതിയിലാണ് ഞാൻ ബാറ്റ് ചെയ്തത്. മത്സരശേഷം ക്വിന്റൺ ഡി കോക്ക് പറഞ്ഞു.
പുതിയ ടീമിനെക്കുറിച്ചും ഡികോക്ക് സംസാരിച്ചു. പുതിയ ആളുകളെ കാണുന്നത് എനിക്ക് ഇഷ്ടമാണ്. പുതിയ ടീമിൽ മറ്റൊരു അന്തരീക്ഷമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇരുകരങ്ങളും നീട്ടിയാണ് എന്നെ സ്വീകരിച്ചത്. അത് മികച്ച അനുഭവമായിരുന്നു. ഡികോക്ക് വ്യക്തമാക്കി.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. 33 റൺസെടുത്ത ധ്രുവ് ജുറേലാണ് രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വരുൺ ചക്രവർത്തി, മൊയീൻ അലി, വൈഭവ് അറോറ, ഹർഷിത് റാണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 17.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി. 61 പന്തിൽ എട്ട് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 97 റൺസെടുത്ത ക്വിന്റൺ ഡി കോക്കാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്. സീസണിൽ കൊൽക്കത്തയുടെ ആദ്യ വിജയവും രാജസ്ഥാന്റെ രണ്ടാം തോൽവിയുമാണ്.
Content Highlights: Nice to get my opportunity, wanted to make it count says Quinton de Kock