'ട്വന്റി 20യിൽ താരങ്ങൾ ഭയമില്ലാതെ കളിക്കണം, വിജയത്തിന്റെ ക്രെഡിറ്റ് ബൗളർമാർക്ക്': അജിൻക്യ രഹാനെ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്

dot image

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ വിജയത്തിൽ പ്രതികരണവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെ. 'ആദ്യ ആറ് ഓവറിൽ കൊൽക്കത്ത താരങ്ങൾ നന്നായി പന്തെറിഞ്ഞു. നിർണായകമായ മധ്യ ഓവറുകളിൽ സ്പിന്നർമാർ കാര്യങ്ങൾ നന്നായി നിയന്ത്രിച്ചു. ട്വന്റി 20യിൽ താരങ്ങൾ ഭയമില്ലാതെ കളിക്ക​ണം. അതിനുള്ള സ്വാതന്ത്രം താരങ്ങൾക്ക് നൽകേണ്ടതുണ്ട്. വിജയത്തിന്റെ ക്രെഡിറ്റ് ബൗളർമാർക്കുള്ളതാണ്. വിക്കറ്റെടുക്കാൻ ബൗളർമാർ നിരന്തരം ശ്രമിച്ചു. പ്രത്യേകിച്ചും മൊയീൻ അലിക്ക് വലിയ അവസരങ്ങൾ കൊൽക്കത്ത നൽകിയിരുന്നില്ല. എന്നാൽ അനുഭവസമ്പത്തുള്ള താരമാണ് മൊയീൻ. ബാറ്റുകൊണ്ട് തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും പന്തുകൊണ്ട് മൊയീൻ നന്നായി പെർഫോം ചെയ്തു. എല്ലാ മത്സരത്തിലും ഇതുപോലെ മികച്ച പ്രകടനം നടത്തുകയാണ് കൊൽക്കത്തയ്ക്ക് മുന്നിലുള്ള വെല്ലുവിളി.' രഹാനെ പ്രതികരിച്ചു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. 33 റൺസെടുത്ത ധ്രുവ് ജുറേലാണ് രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വരുൺ ചക്രവർത്തി, മൊയീൻ അലി, വൈഭവ് അറോറ, ഹർഷിത് റാണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ 17.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി. 61 പന്തിൽ എട്ട് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 97 റൺസെടുത്ത ക്വിന്റൺ ഡി കോക്കാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്. സീസണിൽ കൊൽക്കത്തയുടെ ആദ്യ വിജയവും രാജസ്ഥാന്റെ രണ്ടാം തോൽവിയുമാണ്.

Content Highlights: This is a format where we want players to play fearlessly says Ajinkya Rahane

dot image
To advertise here,contact us
dot image