വമ്പൻ താരങ്ങളെ കൈവിട്ടപ്പോൾ പകരക്കാരെ കുറിച്ച് കൂടി ആലോചിക്കണമായിരുന്നു, RR നെതിരെ വിമർശനവുമായി വസീം ജാഫർ

രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണിന്‍റെ നിഴല്‍ മാത്രമാണെന്നും വസീം ജാഫര്‍ കൂട്ടിച്ചേർത്തു.

dot image

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ശനിദശ തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ കെകെആറിനോടും തോറ്റതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് അവർ തോൽവി വഴങ്ങിയത്. നിരവധി വിമർശനങ്ങളും ഇതിനു ശേഷം ടീം നേരിടുന്നുണ്ട്. കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം ടീമിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപണർ കൂടിയായിരുന്ന വസീം ജാഫര്‍.

ലേലത്തിന് മുമ്പ് ബട്‌ലറെയും ബോള്‍ട്ടിനെയും ചാഹലിനെയും അശ്വിനെയും പോലെയുള്ള വമ്പന്‍ താരങ്ങളെ കൈവിട്ടു. എന്നാല്‍ അവര്‍ക്ക് പറ്റിയ പകരക്കാരെ കണ്ടെത്താനുമായില്ല. അതുകൊണ്ട് ഈ സീസൺ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കുമെന്നാണ് വസീം ജാഫര്‍ എക്സ് പോസ്റ്റില്‍ കുറിച്ചത്. രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണിന്‍റെ നിഴല്‍ മാത്രമാണെന്നും വസീം ജാഫര്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ എട്ട് ജയവുമായി മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. ഇത്തവണ സീസണിലെ ആദ്യ രണ്ട് കളികളും തോറ്റതോടെ നിലവില്‍ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍.

ക്യാപ്റ്റന്‍ സഞ്ജു സാംസണ് പരിക്കേറ്റതോടെ ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗ് ആണ് രാജസ്ഥാനെ നയിക്കുന്നത്. ആദ്യ മൂന്ന് കളികളിലും ബാറ്ററായി മാത്രമാണ് സഞ്ജു കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്തിയ രാജസ്ഥാന്‍ ഈ സീസണിലെ അടുത്ത മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് നേരിടാനിറങ്ങുന്നത്.

Content highlights: wassim jaffer about rajastan royals

dot image
To advertise here,contact us
dot image