'ഹൈദരാബാദിൽ SRHനെ നേരിടുക പ്രയാസമാണ്, പക്ഷേ LSG കളി പഠിച്ചിട്ട് വന്നു'; കെയ്ൻ വില്യംസൺ

'ലഖ്നൗ ടീമിനും അതിന്റെ നേതൃനിരയിലുള്ളവർക്കും അഭിനന്ദനങ്ങൾ. അവരുടെ തന്ത്രങ്ങൾ വിജയിച്ചിരിക്കുന്നു'

dot image

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ അവരുടെ ഹോം സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തിയ ലഖ്നൗ സൂപ്പർ ജയന്റ്സിനെ അഭിനന്ദിച്ച് ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ. ഹൈദരാബാദിൽ സൺറൈസേഴ്സിനെ നേരിടുക ഏതൊരു ടീമിനും പ്രയാസമാണ്. എന്നാൽ ലഖ്നൗ സൂപ്പർ ജയന്റ്സ് കൃത്യമായി കളി പഠിച്ചിട്ട് വന്നു. കൃത്യമായി അവരുടെ പദ്ധതികൾ കളിക്കളത്തിൽ നടപ്പിലാക്കി. യോർക്കറുകൾ കൂടുതലായി പ്രയോ​ഗിച്ചു. സൺറൈസേഴ്സ് റൺസ് നേടാൻ സാധ്യതയുള്ള മേഖലകളിൽ ലഖ്നൗ ഫീൽഡർമാർ അണിനിരന്നു. മത്സരത്തിൽ ആധിപത്യം നേടാനുള്ള സൺറൈസേഴ്സ് ശ്രമങ്ങൾ ലഖ്നൗ കൃത്യമായി തടസപ്പെടുത്തി. കെയ്ൻ വില്യംസൺ ജിയോഹോട്സ്റ്റാറിൽ പ്രതികരിച്ചു.

ലഖ്നൗ ടീമിനും അതിന്റെ നേതൃനിരയിലുള്ളവർക്കും അഭിനന്ദനങ്ങൾ. അവരുടെ തന്ത്രങ്ങൾ വിജയിച്ചിരിക്കുന്നു. ലഖ്നൗവിന്റെ തന്ത്രങ്ങൾ സൺറൈസേഴ്സിനെ കുറഞ്ഞ സ്കോറിലൊതുക്കാൻ സഹായിച്ചു. വില്യംസൺ വ്യക്തമാക്കി.

ഐപിഎല്ലില്‍ ആദ്യ ജയമാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് റിഷഭ് പന്തും സംഘവും സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 47 റൺസെടുത്ത ട്രാവിസ് ഹെഡാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ.

മറുപടി പറഞ്ഞ ലഖ്നൗ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 26 പന്തിൽ ആറ് ഫോറും ആറ് സിക്സറുകളും സഹിതം 70 റൺസ് നേടിയ നിക്കോളാസ് പുരാനാണ് ലഖ്നൗ വിജയം എളുപ്പമാക്കിയത്. 52 റൺസെടുത്ത മിച്ചൽ മാർഷും ലഖ്നൗ വിജയത്തിൽ നിർണായകമായി.

Content Highlights: Kane Williamson Praises Lucknow Super Giants

dot image
To advertise here,contact us
dot image