
കഴിഞ്ഞ ദിവസം ആർസിബിയ്ക്കെതിരായ മത്സരത്തിൽ ചെന്നൈ പരാജയപ്പെട്ടപ്പോൾ ഇതിഹാസതാരം മഹേന്ദ്രസിങ് ധോണി വെെകിയിറങ്ങിയത് ചർച്ചയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായപ്രകടനവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മനോജ് തിവാരി.
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഹെവി വോൾട്ടേജ് പോരാട്ടത്തിൽ 50 റൺസിന് ആർസിബി ജയിക്കുകയായിരുന്നു. ആർസിബിയുടെ 197 റൺസ് ലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ മറുപടി 146 റൺസിലൊതുങ്ങി. ചെന്നൈയ്ക്ക് വേണ്ടി രചിൻ രവീന്ദ്ര 41 റൺസും ധോണി 30 റൺസും നേടി.
ഒമ്പതാമനായാണ് ധോണി ക്രീസിലെത്തിയത്. ഒമ്പതാം ഓവറിൽ തന്നെ ഇറങ്ങാമായിരുന്ന ധോണി പക്ഷെ ഇമ്പാക്ട് പ്ലെയർ ആയി ഇറങ്ങിയ ശിവം ദുബൈയ്ക്കും ജഡേജയ്ക്കും അശ്വിനും ശേഷമാണ് ഇറങ്ങിയത്. എന്നാൽ അവസാന ഓവറുകളിൽ രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടക്കം ധോണി തകർപ്പൻ പ്രകടനം നടത്തി. ധോണി നേരത്തെ ഇറങ്ങിയിരുന്നുവെങ്കിൽ ചെന്നൈയ്ക്ക് ജയ സാധ്യത അവശേഷിച്ചിരുന്നു. ഫിനിഷർ റോളിന് പേരുകേട്ട ധോണിയുടെ അടുത്തെങ്ങും പ്രകടനമെത്താത്ത ജഡേജയെയും അശ്വിനെയും നേരത്തെ ഇറക്കിയതുമൂലം ചെന്നൈ തങ്ങളുടെ ജയിക്കാനുള്ള അവസരം പാഴാക്കിയെന്നും ആരാധക വിമർശനമുണ്ട്. കഴിഞ്ഞ സീസണിലും താരം ഇതേ രീതിയിലാണ് കളിച്ചിരുന്നത്. ഇപ്പോൾ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മനോജ് തിവാരി.
സിഎസ്കെയുടെ കോച്ചിങ് സ്റ്റാഫിലെ ആരെങ്കിലും ധോണിയോട് ഈ കാര്യം സംസാരിക്കണമെന്നും അവർക്ക് അതിനുള്ള ധൈര്യമില്ലാതെ പോയതാണ് പ്രശ്നമെന്നുമാണ് തിവാരി പറയുന്നത്.
'ഇപ്പോഴും എനിക്ക് മനസിലാവുന്നില്ല, 16 പന്തിൽ 30 റൺസടിക്കുന്ന ധോണിയെപ്പോലെയുള്ള ഒരു ബാറ്റർ എന്തുകൊണ്ടാണ് ബാറ്റിങ് ഓർഡറിൽ മുകളിൽ ഇറങ്ങാത്തതെന്ന്. നിങ്ങൾ ജയിക്കാൻ വേണ്ടി തന്നെയല്ലേ കളിക്കുന്നത്? ചെന്നൈയുടെ കോച്ചിങ് സ്റ്റാഫിന് ധോണിയോട് കുറച്ച് നേരത്തെ ഇറങ്ങണമെന്ന് പറയാനുള്ള ഗട്ട്സ് ഇല്ലെന്ന് തോന്നുന്നു. ധോണി തീരുമാനിക്കുന്നത് പോലെയേ അവിടെ നടക്കുകയുള്ളൂ.' മനോജ് തിവാരി പറഞ്ഞത് ഇങ്ങനെ.
content highlights: CSK coaches don't have guts to ask MS Dhoni to bat higher: Manoj Tiwary