മാർക് ചാപ്മാന് സെഞ്ച്വറി; പാകിസ്താനെതിരായ ഒന്നാം ഏകദിനത്തിൽ ന്യൂസിലാൻഡിന് ജയം

നാലാം വിക്കറ്റിൽ മാർക് ചാപ്മാനും ഡാരൽ മിച്ചലും ഒന്നിച്ചതോടെയാണ് ന്യൂസിലാൻഡ് സ്കോറിങ് വേ​ഗത്തിലായത്

dot image

പാകിസ്താനെതിരായ ഒന്നാം ഏകദിനത്തിൽ ന്യൂസിലാൻഡിന് വിജയം. 73 റൺസിന്റെ വിജയമാണ് കിവീസ് സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തു. മറുപടി പറഞ്ഞ പാകിസ്താൻ 44.1 ഓവറിൽ 271 റൺസിൽ എല്ലാവരും പുറത്തായി.

നേരത്തെ ടോസ് നേടിയ പാകിസ്താൻ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയച്ചു. 50 റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പാകിസ്താൻ നന്നായി ബൗളിങ് തുടങ്ങി. നാലാം വിക്കറ്റിൽ മാർക് ചാപ്മാനും ഡാരൽ മിച്ചലും ഒന്നിച്ചതോടെയാണ് ന്യൂസിലാൻഡ് സ്കോറിങ് വേ​ഗത്തിലായത്. 111 പന്തിൽ 16 ഫോറും മൂന്ന് സിക്സറും സഹിതം ചാപ്മാൻ 132 റൺസെടുത്തു. 84 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം ഡാരൽ മിച്ചൽ 76 റൺസും സംഭാവന ചെയ്തു. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 199 റൺസാണ് കൂട്ടിച്ചേർത്തത്.

56 റൺസെടുത്ത മുഹമ്മദ് അബാസിന്റെ പ്രകടനവും ന്യൂസിലാൻഡ് മികച്ച സ്കോറിലെത്തുന്നതിൽ സഹായമായി. പാകിസ്താനായി ഇർഫാൻ ഖാൻ മൂന്ന് വിക്കറ്റെടുത്തു. അഖിഫ് ജാവേദ്, ഹാരിസ് റൗഫ് എന്നിവർ രണ്ട് വീതം വിക്കറ്റുകളുമെടുത്തു.

മറുപടി ബാറ്റിങ്ങിൽ പാകിസ്താനായി മുൻനിര ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അബ്ദുള്ള ഷെഫീക്ക് 36, ഉസ്മാൻ ഖാൻ 39, ബാബർ അസം 78, മുഹമ്മദ് റിസ്വാൻ 30, സൽമാൻ അലി ആ​ഗ 58 എന്നിങ്ങനെ സംഭാവന ചെയ്തു. എന്നാൽ ആരുടെയും സ്കോറുകൾ വലിയ വിജയലക്ഷ്യത്തിലേക്ക് എത്താൻ പോന്നതായിരുന്നില്ല. ന്യൂസിലാൻഡിനായി നഥാൻ സ്മിത്ത് നാല് വിക്കറ്റെടുത്തു.

Content Highlights: Pakistan Collapse To 73-Run Loss After Mark Chapman's Ton For New Zealand

dot image
To advertise here,contact us
dot image