
ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ തുടർച്ചയായ രണ്ടാം ജയവുമായി ഡൽഹി ക്യാപിറ്റൽസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഡൽഹി നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 18.3 ഓവറിൽ 163 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.
അനികേത് വര്‍മയുടെ അർധ സെഞ്ച്വറിയാണ് സൺറൈസേഴ്സിനെ മാന്യമായ സ്കോറിലെത്തിച്ചത്. 41 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം 74 റൺസാണ് അനികേത് നേടിയത്. 32 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും 22 റൺസെടുത്ത ട്രാവിസ് ഹെഡുമാണ് സൺറൈസേഴ്സിനായി തിളങ്ങിയത്. ഡൽഹി ക്യാപിറ്റൽസിനായി മിച്ചൽ സ്റ്റാർക് അഞ്ചും കുൽദീപ് യാദവ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ജെയ്ക് ഫ്രെയ്സർ മക്ഗർഗും ഫാഫ് ഡു പ്ലെസിസും ഡൽഹി ക്യാപിറ്റൽസിനായി മികച്ച തുടക്കമാണ് നൽകിയത്. 27 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറും സഹിതം മക്ഗർഗ് 50 റൺസെടുത്തു. 32 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം മക്ഗർഗ് 38 റൺസ് നേടി. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 81 റൺസാണ് കൂട്ടിച്ചേർത്തത്.
ഡു പ്ലെസിസിനെയും മക്ഗർഗിനെയും അഞ്ച് പന്തിൽ 15 റൺസെടുത്ത കെ എൽ രാഹുലിനെയും വീഴ്ത്തി സീഷാൻ അൻസാരി സൺറൈസേഴ്സിനായി മൂന്ന് വിക്കറ്റെടുത്തു. എന്നാൽ 18 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 34 റൺസെടുത്ത അഭിഷേക് പോറലും 14 പന്തിൽ മൂന്ന് ഫോറുകൾ സഹിതം പുറത്താകാതെ 21 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റമ്പ്സും ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലെത്തിച്ചു.
Content Highlights: Delhi Capitals (DC) beat Sunrisers Hyderabad (SRH) by seven wickets in IPL 2025