
ഐപിഎൽ 2025ലെ ആദ്യ മെയ്ഡൻ ഓവർ എറിഞ്ഞ് രാജസ്ഥാൻ റോയൽസ് താരം ജൊഫ്ര ആർച്ചർ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ആദ്യ രണ്ട് ഓവറിൽ ഒറ്റ റൺ മാത്രമാണ് ആർച്ചർ വിട്ടുകൊടുത്തത്. ആദ്യ ഓവർ മെയ്ഡൻ വിക്കറ്റാക്കാനും ആർച്ചറിന് കഴിഞ്ഞു. മത്സരത്തിൽ മൂന്ന് ഓവർ എറിഞ്ഞ താരം 13 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. ചെന്നൈ ഓപണർ രചിൻ രവീന്ദ്രയാണ് ആർച്ചറിന് മുന്നിൽ കീഴടങ്ങിയത്.
മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആറ് റൺസിന് വിജയിച്ചു. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 36 പന്തിൽ 10 ഫോറും അഞ്ച് സിക്സറും സഹിതം 81 റൺസ് നേടിയ നിതീഷ് റാണയാണ് രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ. റിയാൻ പരാഗ് 28 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം 37 റൺസെടുത്തു. ചെന്നൈ സൂപ്പർ കിങ്സിനായി മതീഷ പതിരാന, ഖലീൽ അഹമ്മദ്, നൂർ അഹമ്മദ് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്കായി ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്ക്‌വാദ് 44 പന്തിൽ ഏഴ് ഫോറും ഒരു സിക്സറും സഹിതം 63 റൺസെടുത്തു. 22 പന്തിൽ രണ്ട് ഫോറും ഒരു സിക്സറുമായി രവീന്ദ്ര ജഡേജ 32 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിൽ 20 റൺസ് വേണ്ടിയിരുന്നു ചെന്നൈയ്ക്ക്. രണ്ടാം പന്തിൽ ധോണി പുറത്തായതോടെയാണ് ചെന്നൈ കൂടുതൽ സമ്മർദ്ദത്തിലായത്. 11 പന്തിൽ ധോണി 16 റൺസെടുത്ത് പുറത്തായി. നാല് പന്തിൽ പുറത്താകാതെ 11 റൺസുമായി ജാമി ഓവർടൺ ശ്രമിച്ച് നോക്കിയെങ്കിലും വിജയത്തിലെത്തിയില്ല. രാജസ്ഥാൻ റോയൽസിനായി വാനിന്ദു ഹസരങ്ക നാല് വിക്കറ്റെടുത്തു.
Content Highlights: Jofra Archer is the first bowler to bowl a maiden in IPL 2025