
ഇന്ത്യൻ പ്രീമിയർ ലീഗ് 18-ാം പതിപ്പിലെ ആദ്യ വിജയവുമായി രാജസ്ഥാൻ റോയൽസ്. ചെന്നൈ സൂപ്പർ കിങ്സിനെ ആറ് റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.
നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 36 പന്തിൽ 10 ഫോറും അഞ്ച് സിക്സറും സഹിതം 81 റൺസ് നേടിയ നിതീഷ് റാണയാണ് രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ. റിയാൻ പരാഗ് 28 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം 37 റൺസെടുത്തു. ചെന്നൈ സൂപ്പർ കിങ്സിനായി മതീഷ പതിരാന, ഖലീൽ അഹമ്മദ്, നൂർ അഹമ്മദ് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്കായി ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്ക്‌വാദ് 44 പന്തിൽ ഏഴ് ഫോറും ഒരു സിക്സറും സഹിതം 63 റൺസെടുത്തു. 22 പന്തിൽ രണ്ട് ഫോറും ഒരു സിക്സറുമായി രവീന്ദ്ര ജഡേജ 32 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിൽ 20 റൺസ് വേണ്ടിയിരുന്നു ചെന്നൈയ്ക്ക്. രണ്ടാം പന്തിൽ ധോണി പുറത്തായതോടെയാണ് ചെന്നൈ കൂടുതൽ സമ്മർദ്ദത്തിലായത്. 11 പന്തിൽ ധോണി 16 റൺസെടുത്ത് പുറത്തായി. നാല് പന്തിൽ പുറത്താകാതെ 11 റൺസുമായി ജാമി ഓവർടൺ ശ്രമിച്ച് നോക്കിയെങ്കിലും വിജയത്തിലെത്തിയില്ല. രാജസ്ഥാൻ റോയൽസിനായി വാനിന്ദു ഹസരങ്ക നാല് വിക്കറ്റെടുത്തു.
Content Highlights: RR Edge Past CSK By 6 Runs