
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനായി ചരിത്ര നേട്ടം സ്വന്തമാക്കി പേസർ മിച്ചൽ സ്റ്റാർക്. പ്രഥമ ഐപിഎല്ലിന് ശേഷം ഇതാദ്യമായാണ് ഡൽഹി ക്യാപിറ്റൽസിനായി ഒരു ബൗളർ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 2008ലെ ഐപിഎല്ലിൽ അന്നത്തെ ഹൈദരാബാദിന്റെ ടീമായ ഡെക്കാൻ ചാർജേഴ്സിനെതിരെ അമിത് മിശ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഡൽഹി ഡെയർഡെവിൾസ് എന്നായിരുന്നു അന്ന് ടീമിന്റെ പേര്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 3.4 ഓവറിൽ 35 റൺസ് വിട്ടുകൊടുത്താണ് സ്റ്റാർക് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഏഴ് വിക്കറ്റിന്റെ വിജയവും സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 18.3 ഓവറിൽ 163 റൺസിൽ എല്ലാവരും പുറത്തായി. അനികേത് വര്‍മയുടെ അർധ സെഞ്ച്വറിയാണ് സൺറൈസേഴ്സിനെ മാന്യമായ സ്കോറിലെത്തിച്ചത്. 41 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം 74 റൺസാണ് അനികേത് നേടിയത്.
മറുപടി ബാറ്റിങ്ങിൽ 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ ജെയ്ക് ഫ്രെയ്സർ മക്ഗർഗും ഫാഫ് ഡു പ്ലെസിസും ഡൽഹി ക്യാപിറ്റൽസിനായി മികച്ച തുടക്കമാണ് നൽകിയത്. 27 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറും സഹിതം മക്ഗർഗ് 50 റൺസെടുത്തു. 32 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം മക്ഗർഗ് 38 റൺസ് നേടി. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 81 റൺസാണ് കൂട്ടിച്ചേർത്തത്.
ഡു പ്ലെസിസിനെയും മക്ഗർഗിനെയും അഞ്ച് പന്തിൽ 15 റൺസെടുത്ത കെ എൽ രാഹുലിനെയും വീഴ്ത്തി സീഷാൻ അൻസാരി സൺറൈസേഴ്സിനായി മൂന്ന് വിക്കറ്റെടുത്തു. എന്നാൽ 18 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 34 റൺസെടുത്ത അഭിഷേക് പോറലും 14 പന്തിൽ മൂന്ന് ഫോറുകൾ സഹിതം പുറത്താകാതെ 21 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റമ്പ്സും ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലെത്തിച്ചു.
Content Highlights: Mitchell Starc Creates History became first pacer to take a five-wicket haul in the IPL for DC