
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് ഈ ഐപിഎല്ലിൽ തോൽവിയേറ്റു വാങ്ങിയ ടീമാണ്. ആദ്യമത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടാണ് മുംബൈ തോറ്റതെങ്കിൽ രണ്ടാം രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടാണ് പരാജയപ്പെട്ടത്. മുംബൈയുടെ തോൽവിയിൽ വലിയ വിമർശനം നേരിടുന്ന താരങ്ങളിലൊരാൾ മുൻ നായകൻ രോഹിത് ശർമയാണ്.
കഴിഞ്ഞ സീസൺ തൊട്ട് നായകസ്ഥാനത്ത് നിന്ന് മാറിയ രോഹിത്തിന് ഒരു ബാറ്റർ ജോലിയാണ് ഇപ്പോൾ ടീമിലുള്ളത്. പക്ഷേ, ആ റോളില്‍ മികവ് കാട്ടാന്‍ സാധിക്കുന്നില്ല എന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഡെക്കിന് പുറത്തായ രോഹിത് രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനാണ് മടങ്ങിയത്. ഇതേ ഫോം തുടര്‍ന്നാല്‍ പ്ലേയിങ് 11 നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഇതിനകം തന്നെ ആരാധകർ രംഗത്ത് വന്നുകഴിഞ്ഞു.
രോഹിത് ശര്‍മയുടെ ഐപിഎല്ലിലെ കണക്കുകൾ നോക്കുമ്പോൾ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ. 450 ടി20 മത്സരം കളിച്ച ഏക ഇന്ത്യന്‍ താരവുമാണ്. എന്നാല്‍ 2020 മുതലുള്ള രോഹിത്തിന്റെ കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്. 2020 മുതലുള്ള കണക്കുകള്‍ പ്രകാരം 71 മത്സരത്തില്‍ നിന്ന് 1738 റണ്‍സ് മാത്രമാണ് രോഹിത് ഐപിഎല്ലില്‍ നിന്ന് നേടിയത്. 24.8 മാത്രമാണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് ആവട്ടെ, 131.9. ഏഴ് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും മാത്രമാണ് ഈ കാലയളവിൽ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ.
കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം രോഹിത് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. മൂന്ന് നാല് കൊല്ലം മുമ്പുള്ള രോഹിത്തേയല്ല ഇപ്പോൾ ഉള്ളതെന്ന് കഴിഞ്ഞ ദിനം പ്രമുഖ കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കറടക്കം അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരുന്നു. ഏതായാലും ഈ സീസണിലെങ്കിലും ഫോമിലെത്തിയില്ലെങ്കിൽ ഇത് രോഹിത്തിന്റെ അവസാനസീസണാവാനുള്ള സാധ്യതയും കൂടുതലാണ്. ഇനിയൊരു സീസൺ കൂടി മുംബൈ താരത്തെ നിലനിർത്തുമോ എന്ന് കണ്ടറിയണം.
content highlights: rohit sharma poor form continues in ipl 2025