വാംഖഡെയിൽ വിജയം കുറിച്ച് M​I; നാണംകെട്ട് രഹാനെയും പിള്ളേരും

കൊൽക്കത്ത നിരയിൽ ആർക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ആദ്യ വിജയവുമായി മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിനാണ് ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 16.2 ഓവറിൽ വെറും 116 റൺസിൽ ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ 12.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുത്തു. മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനം ശരിവെച്ചായിരുന്നു ബൗളർമാരുടെ മിന്നലാക്രമണം. ആദ്യ ഓവറിന്റെ നാലാം പന്തിൽ തന്നെ റൺസെടുക്കും മുമ്പ് സുനിൽ നരെയ്നെ മടക്കി ട്രെന്റ് ബോൾട്ടാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

കൊൽക്കത്ത നിരയിൽ ആർക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. 26 റൺസെടുത്ത ആം​ഗ്രീഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 22 റൺസെടുത്ത രമൺദീപ് സിങ്ങിന്റെ പ്രകടനം കൊൽക്കത്തയെ 100 കടത്തി. മനീഷ് പാണ്ഡെ 19, റിങ്കു സിങ് 17 എന്നിങ്ങനെയും സ്കോർ ചെയ്തു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നാല് വിക്കറ്റുകളാണ് മുംബൈ ഇന്ത്യൻസിനായുള്ള അരങ്ങേറ്റത്തിൽ ഇടം കയ്യൻ പേസർ അശ്വനി കുമാർ എറിഞ്ഞിട്ടത്. അജിൻക്യ രഹാനെ, റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്ര റസ്സൽ എന്നിവരാണ് അശ്വനിയുടെ ഇരകൾ. മൂന്ന് ഓവറിൽ 24 റൺസ് വിട്ടുകൊടുത്താണ് അശ്വനിയുടെ നാല് വിക്കറ്റ് നേട്ടം.

മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്കായി റയാൻ റിക്ലത്തൺ ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതി. 41 പന്തിൽ നാല് ഫോറും അഞ്ച് സിക്സറും സഹിതം റിക്ലത്തോൺ 62 റൺസുമായി പുറത്താകാതെ നിന്നു. ഒമ്പത് പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 27 റൺസെടുത്ത സൂര്യകുമാർ യാദവിന്റെ പ്രകടനമാണ് മുംബൈ വിജയം വേ​ഗത്തിലാക്കിയത്.

Content Highlights: MI Beat KKR To Register 1st Win Of IPL 2025

dot image
To advertise here,contact us
dot image