'ഒരു ഹിറ്റ് കൂടി മതിയായിരുന്നു, ഫീൽഡിങ്ങിലെ പിഴവുകൾ മത്സരം തോൽപ്പിച്ചു': റുതുരാജ് ഗെയ്ക്ക്‌വാദ്‌

മൂന്നാം നമ്പറിൽ ബാറ്റിങ്ങിനെത്തുന്നതിനെക്കുറിച്ചും ചെന്നൈ നായകൻ പ്രതികരിച്ചു

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ്‌. 'ബാറ്റിങ്ങിൽ ചെന്നൈയ്ക്ക് മികച്ചൊരു തുടക്കം ലഭിച്ചില്ല. എന്നാൽ പിന്നീട് ചെന്നൈ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഒരു ഹിറ്റ് കൂടെ ഉണ്ടായിരുന്നെങ്കിൽ ചെന്നൈയ്ക്ക് വിജയിക്കാൻ കഴിയുമായിരുന്നു. ഫീൽഡിങ്ങിലെ പിഴവുകൾകൊണ്ട് 8-10 റൺസ് അധികം വഴങ്ങിയിരുന്നു. അവിടെയാണ് ചെന്നൈയ്ക്ക് ഒരു മാറ്റം വരേണ്ടത്.' റുതുരാജ് ഗെയ്ക്ക്‌വാദ്‌ പറഞ്ഞു.

മൂന്നാം നമ്പറിൽ ബാറ്റിങ്ങിനെത്തുന്നതിനെക്കുറിച്ചും ചെന്നൈ നായകൻ പ്രതികരിച്ചു. 'മുൻ വർഷങ്ങളിൽ അജിൻക്യ രഹാനെയും അമ്പാട്ടി റായിഡുവുമാണ് മൂന്നാം നമ്പറിൽ ക്രീസിലെത്തിയിരുന്നത്. എന്നാൽ ഇത്തവണ താരലേലത്തിനൊപ്പം തന്നെ തന്റെ റോൾ മൂന്നാം നമ്പർ ആയിരിക്കുമെന്ന് തീരുമാനിച്ചിരുന്നു. ടീമിന്റെ തീരുമാനം അം​ഗീകരിക്കുന്നതാണ് തനിക്ക് സന്തോഷം.' രാഹുൽ ത്രിപാഠി മികവിലേക്ക് ഉയരുമെന്നും റുതുരാജ് ഗെയ്ക്ക്‌വാദ്‌ വ്യക്തമാക്കി.

ഐപിഎല്ലിൽ‌ രാജസ്ഥാൻ റോയൽസിനോട് ആറ് റൺസിനാണ് ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.

Content Highlights:  One hit away from crossing the line says Ruturaj Gaikwad

dot image
To advertise here,contact us
dot image