
സമൂഹമാധ്യമങ്ങളിലെ ആധിപത്യം തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. തുടർച്ചയായ അഞ്ചാം വർഷവും സമൂഹമാധ്യമങ്ങളിൽ ഏറ്റവും ജനപ്രിയമായ ഐപിഎൽ ടീമായി ആർ സി ബി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ അനലിറ്റിക്‌സ് ടൂളുകളായ സോഷ്യൽ ഇൻസൈഡർ, എസ് ഇ എം റഷ് എന്നിവയുടെ കണക്കുകൾ അനുസരിച്ച്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പോസ്റ്റുകൾക്ക് രണ്ട് ബില്യൺ എൻഗേജ്‌മെന്റുകൾ ഉണ്ട്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനെക്കാൾ 25% അധികമാണ് ആർസിബിയുടെ സോഷ്യൽ മീഡിയ എൻഗേജ്മെന്റ്. അതിനിടെ എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലുമായി ആർസിബിക്ക് പുതിയ അഞ്ച് മില്യൺ ഫോളോവേഴ്സിനെകൂടി ലഭിച്ചിട്ടുണ്ട്.
ഐപിഎല്ലിന് പുറമേ, ലോകകായിക ഭൂപടത്തിലും ആർസിബി സമൂഹമാധ്യമങ്ങളിലെ ആധിപത്യം ഉറപ്പിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ എൻഗേജ്‌മെൻ്റ് നേടിയ കായിക ടീമുകളുടെ പട്ടികയിൽ ആദ്യ അഞ്ചിലും ആർസിബി ഇടം നേടി. ഇൻസ്റ്റാഗ്രാമിൽ, ഫുട്ബോൾ വമ്പൻമാരായ റയൽ മാഡ്രിഡിനും എഫ്‌സി ബാഴ്‌സലോണയ്ക്കും തൊട്ടുപിന്നിലാണ് മൂന്നാമനായാണ് ആർസിബിയുടെ സ്ഥാനം. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെന്നൈ സൂപ്പർ കിംഗ്‌സ് തുടങ്ങിയവർ ആർസിബിക്ക് പിന്നിലാണ്.
സമൂഹമാധ്യമങ്ങളിലെ ആരാധക പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ആർസിബി മാനേജ്മെന്റ് രംഗത്തെത്തി. 'ആർ സി ബി ഈ നേട്ടത്തിലെത്തിയത് ആരാധകപിന്തുണകൊണ്ടാണ്. ആരാധകരുടെ ഊർജ്ജവും വിശ്വാസവും ഓരോ കളിയിലും പ്രകടമാണ്. സ്റ്റേഡിയത്തിലെയും സമൂഹമാധ്യമങ്ങളിലെയും ആരാധക പിന്തുണ വലുതാണ്. ടീമിന് കൂടുതൽ മുന്നോട്ട് പോകാനും കളിക്കളത്തിലെ വിജയത്തിനായി പരമാവധി ശ്രമിക്കാനും ആരാധക പിന്തുണ ആർസിബിക്ക് കരുത്ത് നൽകുന്നു.' റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ വൈസ് പ്രസിഡൻ്റ് രാജേഷ് മേനോൻ പറഞ്ഞു.
Content Highlights: RCB continues five year streak as most popular IPL team on social media