താഴോട്ട് പോകുന്ന ധോണിയുടെ ബാറ്റിങ് പൊസിഷന്‍; ഒടുവില്‍ കാരണം തുറന്നുപറഞ്ഞ് CSK കോച്ച്

ബെംഗളൂരുവിനെതിരെ ഒന്‍പതാമനായും രാജസ്ഥാനെതിരെ ഏഴാമനായുമാണ് ധോണി ഇറങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിച്ച മത്സരത്തില്‍ എട്ടാമതായിരുന്നു.

dot image

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ നേരിട്ടതിന്റെ നിരാശയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമും ആരാധകരും. ആര്‍സിബിയോടും രാജസ്ഥാന്‍ റോയല്‍സിനോടും പരാജയം വഴങ്ങിയതിന് പിന്നാലെ സിഎസ്‌കെയിലെ ബാറ്റിങ് ഓര്‍ഡറിലെ ധോണിയുടെ പൊസിഷന്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.

ബെംഗളൂരുവിനെതിരെ ഒന്‍പതാമനായും രാജസ്ഥാനെതിരെ ഏഴാമനായുമാണ് ധോണി ഇറങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിച്ച മത്സരത്തില്‍ എട്ടാമതായിരുന്നു ധോണിയുടെ ബാറ്റിങ് പൊസിഷന്‍. മികച്ച ഫിനിഷറെന്ന് പേര് കേട്ട ധോണിയെ ഗ്രൗണ്ടിലിറക്കാന്‍ ഇത്രയും വൈകുന്നത് എന്തുകൊണ്ടാണ് എന്നാണ് ഒരു കൂട്ടം ആരാധകരുടെ ചോദ്യം. ധോണിയെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ വിജയിക്കാമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

ഇപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ് സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിങ്. ധോണിയ്ക്ക് തുടര്‍ച്ചയായി പത്ത് ഓവര്‍ കളിക്കാനാകില്ലെന്നും അദ്ദേഹത്തിന്റെ കാല്‍മുട്ടുകള്‍ അത്ര മികച്ച അവസ്ഥയിലല്ലെന്നും ഫ്‌ളെമിങ് പറഞ്ഞു. മത്സരശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഫ്ളെമിങ്.

'കളിയുടെ അവസ്ഥ അനുസരിച്ചാണ് ബാറ്റിങ് പൊസിഷന്‍ നിശ്ചയിക്കുന്നത്. ധോണിയ്ക്ക് അത് മനസിലാകും. അദ്ദേഹത്തിന്റെ ശരീരവും പ്രത്യേകിച്ച് കാല്‍മുട്ടുകളും പണ്ടത്തേത് പോലെയല്ലല്ലോ. പത്തോവര്‍ തുടര്‍ച്ചയായി കളിക്കാന്‍ അദ്ദേഹത്തിനാകില്ല. ഓരോ കളിയ്ക്കും അനുസരിച്ചാണ് ധോണിയുടെ ബാറ്റിങ് പൊസിഷന്‍ തീരുമാനിക്കുന്നത്.

ഞാന്‍ കഴിഞ്ഞ വര്‍ഷവും ഈ കാര്യത്തില്‍ മറുപടി നല്‍കിയിരുന്നു. ധോണിയുടെ ലീഡര്‍ഷിപ്പും വിക്കറ്റ് കീപ്പിങ് സ്‌കില്ലും ടീമിന് ഏറെ പ്രധാനപ്പെട്ടതാണ്. ഒന്‍പതും പത്തും ഓവര്‍ കളിക്കാനായി അത് നഷ്ടപ്പെടുത്താനാകില്ല,' ഫ്‌ളെമിങ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അവസാന ഓവറുകളില്‍ ക്രീസിലെത്തിയ ധോണി 11 പന്തില്‍ ധോണി 16 റണ്‍സെടുത്ത് ധോണി പുറത്താവുകയായിരുന്നു. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആറ് റണ്‍സിന് ജയിച്ചു.

Content Highlights: CSK coach Stephen Fleming on MS Dhoni's batting position

dot image
To advertise here,contact us
dot image